തൊടുപുഴ:​ ഇടുക്കി ജില്ലയിൽ പാറമടകളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പിഴ ഈടാക്കാൻ റവന്യ സംഘം നടപടി ആരംഭിച്ചു. എന്നാൽ റവന്യു സംഘത്തിന് നേതൃത്വം നൽകിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റാൻ പാറമട ലോബികൾ വൻതോതിൽ ശ്രമം നടത്തി.

നാല് പാറമടകളിൽ റവന്യു സംഘം നടത്തിയ പരിശോധനയിൽ നാല് മുതൽ 15 കോടി വരെ പിഴയീടാക്കാനാകുമെന്നാണ് കരുതുന്നത്. ശേഷിച്ചവയിൽ കൂടി പരിശോധന നടത്തിയാൽ ഏറ്റവും ചുരുങ്ങിയത് 25 കോടി രൂപ സർക്കാരിലേക്ക് പിഴയിനത്തിൽ ശേഖരിക്കാനാവുമെന്നാണ് സംഘത്തിന്റെ കണക്കുകൂട്ടൽ. ഇതിനായി റവന്യു സംഘം പരിശോധനകൾ കടുപ്പിച്ചു.

രണ്ട് ഏക്കർ മാത്രം പാറ പൊട്ടിക്കാൻ അനുമതിയുള്ള പാറമടകൾ കൂടുതൽ പ്രദേശത്തേക്ക് പാറ പൊട്ടിക്കൽ വ്യാപിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. റവന്യു ഭൂമിയിലെ പാറകളാണ് ഇവ പൊട്ടിച്ചിരിക്കുന്നത്. നാല് ക്വാറികളിൽ നിന്ന് 75000 ഘന മീറ്റർ പാറ പൊട്ടിച്ചെന്നാണ് വിവരം. ഇത്രയും പാറയ്ക്ക് 8.25 കോടി രൂപ വില വരും. മെറ്റലിന് 10കോടിയും മതിപ്പുവില കണക്കാക്കുന്നു.

കാർഡമം ഹിൽ റിസർവ്വിലെ വന ഭാഗമാണ് ഇത്. പാറമടകളോട് ചേർന്ന ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണെന്നും വാർത്തകളുണ്ട്. അതേസമയം സബ് കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി സിപിഎം പ്രാദേശിക നേതൃത്വം ജില്ല കമ്മിറ്റിയെ ബന്ധപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. പാറമട ഉടമകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമത്തിലാണ്.

ഇടുക്കിയിൽ മാത്രം 25 പാറമടകളാണ് ഉള്ളത്. ഇതിൽ നാലെണ്ണത്തിൽ മാത്രമാണ് ഇപ്പോൾ പരിശോധന നടന്നത്. ശേഷിച്ച 21 പാറമടകൾ കൂടി പരിശോധന നടത്താൻ റവന്യു സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുൻപ് തന്നെ സബ് കളക്ടറെ മാറ്റാനും പരിശോധന തടയാനുമാണ് ക്വാറി ഉടമകളുടെ ശ്രമം.

അതേസമയം ക്വാറി ഉടമകളായവർ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. ഇവർക്ക് എല്ലാ രാഷ്ട്രീയ കക്ഷികളുമായും അടുത്ത സൗഹൃദം ഉള്ളതായാണ് റിപ്പോർ്ടിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ