ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻമുടി ജലസംഭരണി നാളെ തുറക്കും. രാവിലെ പത്ത് മണിക്ക് രണ്ട് ഗേറ്റുകൾ തുറന്ന് ജലം മുതിരപ്പുഴയിലേക്ക് ഒഴുക്കാനാണ് തീരുമാനം.

ഡാം തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല കളക്ടർ അറിയിച്ചു. ഉദ്യോഗസ്ഥരോട് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്.

അതേസമയം കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ സജീവമാവുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാടും ഇടുക്കിയിലും ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്തു രൂപം കൊണ്ട ന്യൂനമർദം ഛത്തീസ്ഗഡ് ഭാഗത്തേയ്ക്കു നീങ്ങുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ മഴയെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.