തൊടുപുഴ: കാലങ്ങള്‍ നീണ്ട കേരളാ കോണ്‍ഗ്രസുമായുള്ള മുന്നണി ബന്ധത്തിന് ഉലച്ചില്‍ തട്ടിയതോടെ മലയോര ജില്ലയായ ഇടുക്കിയില്‍ ഇരുപാർട്ടികളും ആശയക്കുഴപ്പത്തിൽ. പരസ്പരസഹകരണത്തോടെ നിന്നില്ലെങ്കിൽ രണ്ടുകൂട്ടരുടെയും നില കൂടുതല്‍ പരുങ്ങലിലാകുമെന്നതാണ് പ്രതിസന്ധി.കുറച്ചുകാലമായി രണ്ട് പാർട്ടികൾ തമ്മിൽ ​പ്രശ്നങ്ങളുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണമെല്ലാം ഒന്നിച്ചാണ് പോകുന്നത്. കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിലപാട് മാറ്റം സംഭവിച്ചാൽ കോൺഗ്രസിന് രണ്ട് നഗരസഭകളുടെ ഭരണം നഷ്ടപ്പെടുമെന്നതാണ് വസ്തുത. ഇതാണ് കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. തനിച്ച് നിന്നാൽ ഈ നേട്ടമൊന്നും ഉണ്ടാക്കാനാവില്ലെന്ന തിരിച്ചറിവാണ് കേരളാ കോൺഗ്രസ് (മാണി) നേരിടുന്ന പ്രതിസന്ധി.

ഇടുക്കിയിലുളള രണ്ടു നഗര സഭകളായ കട്ടപ്പനയിലും തൊടുപുഴയിലും കോണ്‍ഗ്രസ് ഭരണം നടത്തുന്നത് കേരളാ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് . ഇപ്പോഴത്തെ സാഹചര്യത്തി​ൽ കേരളാ കോണ്‍ഗ്രസ് വിട്ടു പോയാല്‍ ഇടുക്കിയിലെ കോണ്‍ഗ്രസിന് എത്രത്തോളം ആഘാതം ഏല്‍ക്കേണ്ടി വരുമെന്ന യാഥാര്‍ഥ്യം വ്യക്തമായി മനസിലാക്കാനാവൂ. അത് തിരിച്ചറിയാനുളള വിവേകമാണ് നേതൃത്വത്തിന് വേണ്ടതെന്നാണ് പ്രാദേശിക നേതാക്കാൾ പറയുന്നത്. 34 കൗണ്‍സിലര്‍മാരുള്ള കട്ടപ്പന നഗരസഭയിൽ കോണ്‍ഗ്രസിന് 13 അംഗങ്ങളും കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ച് കൗണ്‍സിലര്‍മാരുമാണുള്ളത്. എല്‍ഡിഎഫ് 14, ബിജെപി രണ്ട് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ കക്ഷി നില. അതുകൊണ്ടു തന്നെ കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ കൂറുമാറി സിപിഎമ്മിനെ പിന്തുണച്ചാല്‍ കട്ടപ്പന നഗരസഭാ ഭരണം കോണ്‍ഗ്രസിന് നഷ്ടമാകുമെന്നുറപ്പ്.

അതേസമയം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൊടുപുഴ നഗരസഭയില്‍ ഭരണം കൈയാളുന്നത് കോണ്‍ഗ്രസാണ്. 35 അംഗ കൗണ്‍സിലില്‍ മുസ്ലിം ലീഗിന് ആറും കോണ്‍ഗ്രസിന് അഞ്ചും കേരളാ കോണ്‍ഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്. അതേസമയം എല്‍ഡിഎഫിന് 13 ഉം ബിജെപിക്ക് എട്ടും കൗണ്‍സിലര്‍മാര്‍ തൊടുപുഴയിലുണ്ട്. കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചാല്‍ ഇവിടെയും കോണ്‍ഗ്രസിന് ഭരണ നഷ്ടമായിരിക്കും ഫലം. പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ് എം പിന്തുണ പിന്‍വലിച്ചാല്‍ ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ജില്ലയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന 24 പഞ്ചായത്തികളില്‍ 11 എണ്ണത്തിലും കേരളാ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. കേരളാ കോണ്‍ഗ്രസ് പിന്തുണ നഷ്ടമായാല്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കനത്ത നഷ്ടമായിരിക്കും കോണ്‍ഗ്രസിന് നേരിടേണ്ടി വരിക. അതുകൊണ്ടുതന്നെ വരുംനാളുകളില്‍ എന്താണ് സംഭവിക്കുകയെന്ന ഉള്‍ക്കിടിലത്തിലാണ് ജില്ലയിലെ പല കോണ്‍ഗ്രസ് നേതാക്കളുമെന്നതാണ് യാഥാര്‍ഥ്യം.

ഇടുക്കിയിൽ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ശനിദശ തുടങ്ങിയത് കസ്തൂരി രംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ പേരിലായിരുന്നു. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച കത്തോലിക്കാ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും അവരുടെ മുഖ്യ എതിരാളിയായി കണ്ടത് കോണ്‍ഗ്രസിനെ തന്നെയായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനനെ പിന്തുണച്ച മുന്‍ ഇടുക്കി എംപി പിടി തോമസിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച ഇടുക്കി ബിഷപും പരിവാരങ്ങളും അദ്ദേഹത്തെ നാടുകടത്തുകയും ചെയ്തു. ഈ സമയത്താണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പു വന്നതും സിപിഎമ്മും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഒരുമിച്ചതും. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകനായ ജോയ്‌സ് ജോര്‍ജിനെ സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ചെടുക്കാനും സിപിഎമ്മിനു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാാനാര്‍ഥികളാരും പച്ചതൊട്ടുമില്ല. അതേസമയം കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ നിന്നും പി ജെ ജോസഫ് തൊടുപുഴയില്‍ നിന്നും നിയമസഭയിലെത്തുകയും ചെയ്തു. സ്വതവേ നില പരുങ്ങലിലായ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളാ കോണ്‍ഗ്രസ് ബന്ധം കൂടി ഇല്ലാതായാല്‍ വരുംനാളുകളില്‍ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി തന്നെയാണ്.

തനിച്ചു നിന്നാല്‍ ഒരു പഞ്ചായത്തില്‍പോലും സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനുള്ള ഉറപ്പുളള വോട്ട് ബാങ്ക് തങ്ങള്‍ക്കില്ലായെന്ന് കേരളാ കോണ്‍ഗ്രസിനുമറിയാം. സി പി എമ്മിനൊപ്പം ചേരുന്നത് രണ്ടു ഭാഗത്തെയും അണികൾക്ക് എത്രകണ്ട് ദഹിക്കുമെന്ന് ഉറപ്പുമില്ല. അതിന്റെ നേതൃസ്ഥാനത്തു നിന്നുളള പ്രതികരണമാണ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനും തൊടുപുഴ എംഎല്‍എയുമായ പി ജെ ജോസഫ് തന്നെ സി പി എം ബാന്ധവത്തെ തള്ളിപ്പറഞ്ഞു രംഗത്തെത്തിയത്. ഇത്രയും കാലം മാണി കോഴ വാങ്ങിയ ആളാണെന്നു പ്രചരിപ്പിച്ചു നടന്ന സിപിഎമ്മിലെ ഒരു വിഭാഗത്തിനും മാണി പാര്‍ട്ടിയെ ഉൾക്കൊള്ളുന്നതില്‍ അത്ര താല്‍പര്യമില്ലായെന്നതാണ് വസ്തുത. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന മാണി ഇടുക്കിയിലെ കാര്‍ഷിക പ്രശ്‌നങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന പരാതി ഹൈറേഞ്ച് സംരക്ഷണ സമിതി പോലുള്ള സംഘടനകള്‍ പല ഘട്ടങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ജില്ലയില്‍ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തനിച്ചുനിന്നു മുന്നോട്ടുപോവുകയെന്നതു ബാലി കേറാമല തന്നെയാണ്.

കോട്ടയം മാതൃകയില്‍ മാണി വിഭാഗത്തിന്റെ സഹായത്തോടെ ഇടുക്കിയിൽ നേട്ടമുണ്ടാക്കാനാവുമോയെന്നും സിപിഎമ്മിലെ ആലോചന. കേരളാ കോണ്‍ഗ്രസില്‍ എന്തുവിധത്തിലുള്ള മാറ്റങ്ങളുണ്ടായാലും അത് ഏറ്റവും ശക്തമായും ആഴത്തിലും പ്രതിഫലിക്കുന്നത് ഇടുക്കിയിലെ രാഷ്ട്രീയത്തിലായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ