തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തിന് അടുത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. ജൂൺ ഒന്നിനു തന്നെ കേരളത്തിൽ കാലവഷമെത്തുമെന്നാണ് പ്രവചനം.

ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഇന്ന് രാവിലെ പത്തിനു തുറക്കും. രണ്ട് ഡാമിന്റെയും ഓരോ ഷട്ടർ 10 സെന്റിമീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. യെല്ലോ അലർട്ട് ഉള്ളതിനാലുള്ള മുൻകരുതൽ നടപടിയായി ആണ് ഷട്ടറുകൾ ഉയർത്തുന്നത്. ഇരു ഡാമിന്റെയും കരകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുന്നതിനാൽ ഡാമുകളിലെ ജലനിരപ്പ് ഇനിയും ഉയരും.

Read Also: മദ്യം ലഭിക്കുക ഇന്നുകൂടി; ഇനി ചൊവ്വാഴ്‌ച വരെ കാത്തിരിക്കണം

പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ,കണ്ണൂർ എന്നിങ്ങനെ പത്ത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാൻ തയ്യാറാകണം. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചു.

Read Also: മൊബൈൽ നമ്പറിൽ 11 അക്കം, ലാൻഡ് ഫോണിൽ നിന്ന് വിളിക്കുമ്പോൾ പൂജ്യം ചേർക്കണം: ശുപാർശകളുമായി ട്രായ്

ഇന്നലെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മഴ ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 12 സെന്റിമീറ്റർ. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ വിവിധ ഇടങ്ങളിൽ മഴ പെയ്തു. വരും ദിവസങ്ങളിൽ കേരളത്തിൽ നിരവധി ഇടങ്ങളിൽ മഴ ലഭിക്കും. ജൂൺ 2 വരെ കേരളത്തിൽ ഇടിയോടു കൂടിയ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.