ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സംശയം. കുമ്പിടിയമാക്കല്‍ ചിന്നമ്മയുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതക സംശയം ബലപെട്ടതോടെ കട്ടനപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.
കഴിഞ്ഞദിവസമാണ് വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ ചിന്നമ്മയുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാല്‍ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റേതായ സൂചനകള്‍ ലഭിച്ചത്. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ മൊഴിനല്‍കിയിരുന്നു. മാത്രമല്ല, വീടിന്റെ ചില ഭാഗങ്ങളില്‍ രക്തക്കറയും കണ്ടെത്തി. വീടിന്റെ മറ്റൊരുഭാഗത്ത് തുണികള്‍ കത്തിച്ചനിലയില്‍ കണ്ടെത്തിയതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. മോഷണശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് കത്തിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
നാരകക്കാനത്ത് മകന്റെ കുടുംബത്തോടൊപ്പമാണ് ചിന്നമ്മ താമസിച്ചിരുന്നത്. ഹോട്ടല്‍ നടത്തുന്ന മകനും മരുമകളും കടയിലേക്ക് പോയാല്‍ ചിന്നമ്മ മാത്രമായിരിക്കും വീട്ടിലുണ്ടാവുക. കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കൊച്ചുമകനാണ് ചിന്നമ്മയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്.