തിരുവനന്തപുരം: ഇടുക്കിയിലെ ഇടത് സ്വതന്ത്ര എംപിയായ ജോയ്സ് ജോർജ് കൈവശം വച്ചിരുന്ന കൊട്ടക്കാന്പൂരിലെ 20 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം എംപിക്ക് നഷ്ടമായി. ഭൂമിയുടെ പട്ടയം ഇടുക്കി ജില്ലാ ഭരണകൂടം റദ്ദാക്കിയതിനെ തുടർന്നാണിത്. ജോർജും ബന്ധുക്കളും അഞ്ചിടത്തായി കൈവശം വച്ചിരുന്ന നാല് ഏക്കർ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാർ റദ്ദാക്കിയത്. ഇത് സ‌ർക്കാരിന്റെ തരിശ് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വ്യാജ രേഖകളിലൂടെയാണു ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കർ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടർന്നാണ് ഇതു പരിശോധിക്കാൻ കഴിഞ്ഞ യുഡി.എഫ് സർക്കാർ ഉത്തരവിട്ടത്. ജോയ്സ് ജോർജിന്റെയും ഭാര്യ അനൂപയുടെയും പേരിൽ എട്ട് ഏക്കർ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലാണ്. ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടിൽ ജോർജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരിൽ റജിസ്റ്റർ ചെയ്തതു സംബന്ധിച്ച് നേരത്തെ ഇടുക്കി ജില്ലാ കലക്ടർക്കു പരാതി ലഭിച്ചിരുന്നു.

കൊട്ടക്കമ്പൂരിൽ പട്ടികജാതിക്കാർക്ക് സർക്കാർ വിതരണം ചെയ്ത ഭൂമി ഇന്ന് മറ്റുപലരുടെയും കൈവശമാണെന്ന പരാതിയെ തുടർന്ന് സത്യാവസ്ഥ അറിയാൻ റവന്യൂ വകുപ്പിന്റെ പരിശോധന നടന്നിരുന്നു. എംപിയും കുടുംബാഗങ്ങളും ഉൾപ്പെടെ നിലവിൽ ഭൂമി കൈവശം വച്ചിട്ടുള്ള 33 പേരോട് രേഖകളുമായി ഹാജരാകാൻ ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകിയിരുന്നു. നേരിട്ട് ഹാജരാകാനായിരുന്നു നിർദേശമെങ്കിലും ജോയ്സ് ജോർജ് എംപി ഹാജരായില്ല. സഹോദരങ്ങളായ ജസ്റ്റിനും ജോർജി ജോർജ്ജും അഭിഭാഷകനുമാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂരേഖകളുമായി ഹാജരായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.