മാങ്കുളം: മാങ്കുളം കുവൈറ്റ് സിറ്റിയില്‍ മത്സ്യവില്‍പ്പനക്കാരനായ വയോധികനെ നടുറോഡിൽ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാങ്കുളം കുവൈറ്റ് സിറ്റി സ്വദേശികളായ ജോര്‍ജ്, മകന്‍ അരുണ്‍ അരുണിന്റെ സുഹൃത്ത് എബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ടു പേര്‍ ഒളിവിലാണ്, ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

മത്സ്യവില്‍പ്പനക്കാരനായ വയോധികനെ  മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേർക്കെതിരെയാണ്  മൂന്നാർ പൊലീസ് കേസ് എടുത്തത്. അടിമാലി പത്താംമൈൽ സ്വദേശി മരക്കാർ താണോലി(68)നെയാണ് കഴിഞ്ഞ ദിവസം നടുറോഡിൽ ഒരു സംഘം ആക്രമിച്ചത്. മാങ്കുളത്ത് വച്ച് മത്സ്യ വ്യാപാരത്തിനിടെയാണ് എഴോളം പേര്‍ ചേര്‍ന്ന് വയോധികനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

സംഭവം കണ്ടുനിന്ന നാട്ടുകാരിലാരോ മൊബൈലിൽ ചിത്രീകരിച്ച വിഡീയോ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെയാണ് ആക്രമണം പുറംലോകം അറിഞ്ഞത്. നവംബര്‍ 30-നാണ് വിറ്റ മത്സ്യത്തിന്റെ പണം ചോദിച്ചതിന് ഒരു സംഘം അടിമാലി പത്താംമൈല്‍ സ്വദേശിയായ മക്കാര്‍ താണോലിയെ(68) ക്രൂരമായി മർദ്ദിച്ചതെന്നാണ് ആരോപണം. ഏഴ് അംഗ സംഘം മാങ്കുളം കുവൈറ്റ് സിറ്റിയിൽ വച്ച് ചവിട്ടിയും തൊഴിച്ചുമാണ് മർദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ മക്കാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

മര്‍ദ്ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മത്സ്യ വ്യാപാരികള്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ പത്താം മൈലിലും മാങ്കുളത്തും സംയുക്ത സമരസമിതി പ്രതിഷേധ പ്രകടനം നടത്തി.

പ്രദേശവാസിയായ ഒരാള്‍ മക്കാറില്‍ നിന്നു സ്ഥിരമായി മത്സ്യം വാങ്ങിയിരുന്നു. ഈ ഇനത്തില്‍ മുപ്പതിനായിരത്തോളം രൂപ കൊടുക്കാനുണ്ടായിരുന്നുവെന്നും ഇതു ചോദിച്ചതിനെത്തുടര്‍ന്നാണ് ഒരു സംഘം ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടതെന്നും സമരസമിതി നേതാക്കൾ ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ മൂന്നാര്‍ പൊലീസ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മക്കാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, അസഭ്യം പറയല്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് മൂന്നാര്‍ സ്റ്റേഷനിലെ എഎസ്‌ഐയായ എം.എം.ഫക്രുദീന്‍ പറഞ്ഞു.

അരുൺ എന്നയാളിന്റെ ഭാര്യയെ മക്കാർ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത്. മർദ്ദനത്തിനു ശേഷം ഇരുവിഭാഗവും തമ്മില്‍ പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ സംഭവം വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. മൊഴിയെടുക്കാനെത്തിയ സമയത്ത്  കേസ് വേണ്ടെന്ന നിലപാടിലായിരുന്നു മത്സ്യവില്‍പ്പനക്കാരനെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പരാതി തന്നതെന്നും പൊലീസ് പറഞ്ഞു. ഉപദ്രവത്തിനിരയായി എന്ന്  പറയപ്പെടുന്ന യുവതി പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.