തൊടുപുഴ: ഇടുക്കി കാഞ്ചിയാറില്‍ അധ്യാപികയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ബിജേഷ് പൊലീസ് പിടിയില്‍. കാഞ്ചിയാര്‍ പേഴുങ്കണ്ടം സ്വദേശി ബിജേഷിനെയാണ് തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിന്റെ ഭാര്യ അനുമോളുടെ(വത്സമ്മ) മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍നിന്ന് കണ്ടെത്തിയത്. ഇതിനിടെ, ബിജേഷിനെയും കാണാതായിരുന്നു. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്ന് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറു ദിവസമായി പ്രതി ഒളിവിലായിരുന്നു. കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.
കൊലപാതകത്തിനുശേഷം ഭാര്യയുടെ ഫോണ്‍ കട്ടപ്പന ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തുവെച്ച് മറ്റൊരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലും അതിര്‍ത്തിമേഖലകളിലും ഇയാള്‍ക്കായി തിരച്ചില്‍ വ്യാപമാക്കി. ഇതിനിടെയാണ് കുമളി സി.ഐ.യും സംഘവും ബിജേഷിനെ പിടികൂടിയത്. ഇയാളെ ഉടന്‍തന്നെ കട്ടപ്പനയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും