തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാല് പേരെ കാണാതായതിൽ നാല്   മൃതദേഹങ്ങൾ വീടിന് പിന്നിലെ കുഴിയിൽ നിന്നും  കണ്ടെത്തി.  അച്ഛനും അമ്മയും രണ്ട് മക്കളെയുമാണ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്.  മൂന്ന് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. 

വണ്ണപ്പുറം കമ്പകക്കാനം  മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (50), ഭാര്യ സുശീല (47) മകള്‍ ആർഷാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായിരുന്നത്. ഇതിൽ സുശീല, മകൻ അർജുൻ, മകൾ ആർഷാ കൃഷ്ണൻ എന്നിവരുടെ മൃതദേഹമാണ് പുറത്തെടുത്തത് എന്നാണ് ആദ്യവിവരം. വീടിന് സമീപത്തെ കുഴിയിൽ മറവ് ചെയ്ത രീതിയിലായിരുന്നു മൃതദേഹങ്ങൾ.

മരിച്ചവരുടെ ശരീരത്തിൽ​ മുറിവുകൾ കണ്ടെതായി മൃതദേഹം പുറത്തെടുത്തയാൾ മാധ്യമങ്ങളോട് പറഞ്ഞു. മുകളിൽ മക്കളെയും അതിന് താഴെ അമ്മയും ഏറ്റവും താഴെ അച്ഛനെയും എന്ന നിലയിലാണ് കുഴിയിൽ മറവ് ചെയ്തിരുന്നത്.

ഇവരെ കാണാനില്ലാത്തതിനാൽ നാട്ടുകാരാണ് ഈ വിവരം അറിയിച്ചതെന്ന് കാളിയാർ പൊലീസ് അറിയിച്ചു. രണ്ട് ദിവസം പാൽ വാങ്ങാൻ വരാതിരുന്നതിനാൽ​ പാൽക്കാരൻ വീട്ടിൽ വന്നു. പാൽക്കാരൻ അയൽക്കാരെയും ബന്ധുവിനെയും അറിയിച്ചതിനെ തുടർന്ന് വന്ന് പരിശോധിച്ചപ്പോഴാണ് രക്തക്കറയും മറ്റും കണ്ടത്. തുടർന്നാണ് പൊലീസിൽ അറിയിച്ചത്.

മൂന്ന് ദിവസമായി ഇവരെ ആരെയും കാണാതായിട്ടെന്നാണ് പറയുന്നത്. വീടിനുള്ളില്‍ നിറയെ രക്തക്കറയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന് പിന്നില്‍ വലിയ കുഴി മൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

വീടിനുള്ളില്‍ ആളനക്കം കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കാണുകയും അസ്വാഭാവികത തോന്നുകയും ചെയ്തതോടെയാണ് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചത്. കാളിയാര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  പൊലീസ് സൂപ്രണ്ട്, ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിദഗ്ധർ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.