കൊച്ചി: കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന ഇടുക്കിയില്‍ പ്രളയദുരിതാശ്വാസം ലഭിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷക തൊഴിലാളി ജീവനൊടുക്കി. ഇതോടെ മൂന്നു ദിവസത്തിനുള്ളില്‍ ഇടുക്കിയില്‍ ജീവനൊടുക്കിയവരുടെ എണ്ണം മൂന്നായി. ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി സ്വദേശിയായ കൊച്ചുതളിയിക്കല്‍ രാജന്‍ (62) ആണ് ഇന്നലെ വൈകുന്നേരം വീടിനുള്ളില്‍ ജീവനൊടുക്കിയത്.

ഓഗസ്റ്റ് 16-നുണ്ടായ പ്രളയത്തില്‍ വീടു തകര്‍ന്ന രാജന്‍ അടുത്തുള്ള എസ്റ്റേറ്റ് ലയത്തിലേക്കു താമസം മാറ്റിയിരുന്നു. ഇന്നലെ രാവിലെയും വീടു പുനര്‍ നിര്‍മിക്കുന്നതിനുള്ള സഹായത്തിനായി ഏലപ്പാറ വില്ലേജ് ഓഫീസിലെത്തിയെങ്കിലും ഇതു ലഭിക്കാതിരുന്നതാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം, രാജന്റെ ഭാര്യയുടെ പേരിലാണ് അപേക്ഷയെന്നും ഉടന്‍ തന്നെ ധനസഹായം നല്‍കുമെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

അതേസമയം, ഇടുക്കിയില്‍ രണ്ടുദിവത്തിനുള്ളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം മൂന്നായി. കടക്കെണിയെത്തുടര്‍ന്ന് അടിമാലി മുക്കാലേക്കര്‍ സ്വദേശിയായ കുന്നത്ത് സുരേന്ദ്രനാണ് (67) കടക്കെണിയെത്തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കിയത്. കൊന്നത്തടി പഞ്ചായത്തിലെ ചിന്നാര്‍ സ്വദേശി വരിക്കാനിക്കല്‍ ജെയിംസിനെ (52) പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയായിരുന്നു. ഇതിനു പിന്നാലെയാണ് വൈകുന്നേരം രാജനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഇടുക്കിയില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം എട്ടായി.

ഇതിനിടെ ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ വായ്പകളുടെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കരുതെന്നും ഇനി കര്‍ഷക ആത്മഹത്യകളുണ്ടായാല്‍ കാരണക്കാരാകുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ പേരില്‍ പ്രേരണാക്കുറ്റം ചുമത്തി നടപടിയെടുക്കുമെന്നും ഇടുക്കി എംപി അഡ്വ. ജോയ്സ് ജോര്‍ജ് മുന്നറിയിപ്പു നല്‍കി. കര്‍ഷക ആത്മഹത്യകള്‍ ജില്ലയില്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലാപഞ്ചായത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ബാങ്കുകളുടെ അവലോകന യോഗത്തിലാണ് ബാങ്കുകള്‍ക്ക് എംപിയുടെ മുന്നറിയിപ്പ്. ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ നിര്‍ദ്ദിഷ്ട കാലാവധിയായ 2019 ഒക്ടോബര്‍ 31 വരെ വായ്പ കുടിശിഖകളുടെ പേരിലുള്ള നടപടികള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ എംപി ബാങ്കുകള്‍ക്ക് നിർദേശം നല്‍കി. കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ കര്‍ഷകരുടെ മുഴുവന്‍ ബാങ്ക് വായ്പകള്‍ക്കും ഈ കാലയളവില്‍ നോട്ടീസ് അയയ്ക്കലോ ജപ്തിയോ പോലുള്ള നടപടികളുണ്ടാവില്ലെന്ന് ജോയ്‌സ് ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന 48 മണിക്കൂര്‍ നിരാഹാര സമരം കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ തുടങ്ങി. 48 പേര്‍ പങ്കെടുക്കുന്ന സമരം ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്നിന് പി.ടി.തോമസ് എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.