തൊടുപുഴ: നൂറ്റാണ്ടിലെ പ്രളയം നിലയില്ലാക്കയത്തിലാഴ്ത്തിയ ഇടുക്കി ജില്ലയിലെ മലയോര ഗ്രാമങ്ങള്‍ കര്‍ഷകരുടെ ശവപ്പറമ്പായി മാറുന്നു. കഴിഞ്ഞ 50 ദിവസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ജീവനൊടുക്കിയത് അഞ്ചു കര്‍ഷകര്‍. ഇതില്‍ അവസാനത്തേതാണ് ശനിയാഴ്ച വൈകിട്ട് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍ (55) ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീകുമാറിനെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖ, മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ബാങ്കു വായ്പയെടുത്താണ് ഈ കര്‍ഷകന്‍ കൃഷിയിറക്കിയിരുന്നതെന്നും ഏകദേശം 20 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കാലവര്‍ഷകെടുതിയില്‍ കൃഷി നശിച്ചതോടെ ഇയാള്‍ നിരാശയിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

അടിമാലിക്കു സമീപം ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വിനെ കൃഷിയിടത്തിലെ കൊക്കോ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് ഫെബ്രുവരി എട്ടിനായിരുന്നു. കാനറ ബാങ്കിന്റെ അടിമാലി ശാഖയില്‍ നിന്ന് രാജു 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായും രണ്ടാഴ്ച മുന്‍പ് പണം അടക്കണമെന്നാവശ്യപ്പെട്ടു നോട്ടീസ് ലഭിച്ചിരുവെന്നും ബന്ധുക്കള്‍ പറയുന്നു. ഒരേക്കര്‍ കൃഷിയിടമാണ് രാജുവിന്റെ ഉടമസ്ഥതയിലുള്ളത്. വായ്പ തിരിച്ചടയ്ക്കാന്‍ സ്ഥലത്തിന്റെ ഒരു ഭാഗം വില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്നും ജപ്തി നടപടിയുണ്ടാകുമെന്ന ഭീതിയിലായിരുന്നു രാജുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ചെറുതോണി സ്വദേശി നെല്ലിപ്പുഴയില്‍ ജോണി മത്തായി (58) ജീവനൊടുക്കിയത് ഫെബ്രുവരി ഏഴിനായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കൃഷിയിടത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ ജോണിയെ ആദ്യം ഇടുക്കി താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ബുധനാഴ്ച രാത്രി മരിക്കുകയായിരുന്നു. ഭാര്യയും നാലു മക്കളുമുള്ള ജോണി പാട്ടത്തിനു സ്ഥലമെടുത്താണ് കൃഷി ചെയ്തിരുന്നത്. ആദ്യം പ്രളയത്തിലും പിന്നീട് കാട്ടുപന്നി ആക്രമണത്തിലും കൃഷി നശിച്ചതോടെ കൃഷിക്കായി എടുത്ത വായ്പകള്‍ തിരികെ അടയ്ക്കാനാവാതെ വന്നതായി ബന്ധുക്കള്‍ പറയുന്നു. ബാങ്കില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം വാങ്ങിയിരുന്ന ജോണി ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു.

വാത്തിക്കുടി സ്വദേശിയായ കുന്നുംപുറത്ത് (68) ജീവനൊടുക്കിയത് ജനുവരി 28-നായിരുന്നു. സഹദേവന്റെ പേരിലുള്ള സ്ഥലം ഈടായി നല്‍കി മകന്‍ മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. പ്രളയത്തില്‍ കൃഷി നശിച്ചതോടെ മകന് ലോണ്‍ തിരികെ അടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും അടുത്തിടെ ബാങ്കില്‍ നിന്നു നോട്ടീസ് ലഭിച്ചതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു സഹദേവനെന്നും ബന്ധുക്കള്‍ പറഞ്ഞു.

മറ്റൊരു യുവകര്‍ഷകനായ ഇടുക്കി മേരിഗിരി സ്വദേശിയായ സന്തോഷിനെ കൃഷിയിടത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് ജനുവരി രണ്ടിനായിരുന്നു. ലോണെടുത്തു കൃഷിയിറക്കിയെങ്കിലും പ്രളയത്തില്‍ എല്ലാം നശിച്ചതോടെ ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ വന്നുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.

പ്രളയത്തില്‍ അകപ്പെട്ട കര്‍ഷകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വാഗ്‌ദാനം പൊള്ളയാണെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കര്‍ഷക ആത്മഹത്യകളെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. മൊറട്ടോറിയമുണ്ടെന്നു പറയുമ്പോഴും ബാങ്കുകള്‍ ജപ്തി നോട്ടീസുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം വേണ്ടത് അയ്യായിരം കോടിയുടെ പാക്കേജല്ല, മറിച്ച് സാമ്പത്തിക പ്രതിസന്ധി മാറ്റാനുള്ള സഹായങ്ങളാണ്, ഇബ്രാഹിം കുട്ടി കല്ലാര്‍ പറയുന്നു.

കൃഷി നാശത്തിനൊപ്പം പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചുള്ള ആത്മഹത്യാ ശ്രമങ്ങളും വൃക്കവില്‍ക്കാന്‍ തയാറാണെന്നു കര്‍ഷകന്‍ വീടിനുമുന്നില്‍ എഴുതിവയ്ക്കുന്നതിനും ജില്ല സാക്ഷ്യം വഹിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് നെടുങ്കണ്ടം സ്വദേശിനിയായ വീട്ടമ്മ പ്രളയദുരിതാശ്വാസം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നു പരസ്യം എഴുതിവച്ച ജോസഫ്

പ്രളയം വരുത്തിയ ബാധ്യതയില്‍ നിന്നും കരകയറാന്‍ വൃക്ക വില്‍പ്പനക്കുണ്ടെന്ന് വീടിനു മുന്നില്‍ പരസ്യം എഴുതിവച്ചത് വെള്ളത്തൂവല്‍ സ്വദേശി ജോസഫ് തണ്ണിക്കോട്ട് എന്ന കര്‍ഷകനാണ്. വീടിന് മേല്‍ക്കൂരയുടെ മുന്‍വശത്താണ് ജോസഫ് വൃക്കവില്‍പ്പനക്കെന്നെഴുതി പരസ്യപ്പെടുത്തിയത്. ദുരന്തത്താല്‍ കടമുറികള്‍ തകര്‍ന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല. അതിന് പണമുണ്ടാക്കാന്‍ വൃക്കവില്‍പ്പനക്ക് വയ്ക്കുന്നുവെന്നായിരുന്നു ജോസഫിന്റെ പരസ്യവാചകം. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ജോസഫിനെ സന്ദര്‍ശിച്ച് സഹായം വാഗ്‌ദാനം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.