തൊടുപുഴ: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടയിൽ കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹം സംസ്കരിച്ചു. ധീരജിന്റെ വീടിനു സമീപം സിപിഎം വാങ്ങിയ ഭൂമിയിലായിരുന്നു സംസ്കാരം. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോയ മൃതദേഹത്തിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങളാണ് വഴിയിൽ കാത്തു നിന്നത്.
സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും എൻജിനിയറിങ് കോളേജിലും പൊതുദർശനത്തിനു വെച്ച ശേഷമാണ് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സി.പി.എം, എസ്.എഫ്.ഐ നേതാക്കൾ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സി.പി.എം നേതാവ് എം.എം മണിയുടെ നേതൃത്വത്തിലായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം. ധീരജിന്റെ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരുമുൾപ്പടെ വൻജനാവലിയാണ് അന്ത്യാഭിവാദ്യമർപ്പിക്കാൻ ജില്ലാ കമ്മിറ്റി ഓഫിസിലും കോളേജിലും എത്തിയത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് ഇടുക്കിയിൽ നിന്ന് കണ്ണൂരിലേക്ക് വിലാപയാത്ര ആരംഭിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെ തളിപ്പറമ്പ് സിപിഎം ഓഫീസിൽ എത്തിച്ച മൃതദേഹം അവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് എത്തിച്ചത്. രാത്രി ഏറെ വൈകിയും നിരവധി ആളുകളാണ് പ്രിയസഖാവിനെ ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. മന്ത്രി എം വി ഗോവിന്ദൻ, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം, ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങി നിരവധി നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു
അതേസമയം, കേസിൽ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരുൾപ്പടെ ആറ് പേരെയാണ് പൊലീസ് എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നത്.
ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Also Read: ധീരജിനു കുത്തേറ്റത് നെഞ്ചിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി; എസ് എഫ് ഐ നാളെ പഠിപ്പുമുടക്കും