തൊടുപുഴ: ഇടുക്കിയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി തുടരുന്ന കാട്ടാനകളുടെ ആക്രമത്തില്‍ പ്രതികരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയില്‍ നിലവില്‍ അസാധാരണ സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. കാട്ടാന ആക്രമണത്തിന് പരിഹാരം കാണാന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
“കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ശക്തിവേലിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. റേഷന്‍ കട കാട്ടാന തകര്‍ത്ത പശ്ചാത്തലത്തില്‍ വീടുകളില്‍ ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കും. ഇതിനായി ഉടന്‍ തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും,” മന്ത്രി അറിയിച്ചു.
“ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കും. ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇതിനായി വയനാട്ടില്‍ നിന്ന് എത്തും. സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലുണ്ട്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
സർക്കാർ ഭൂമിയിൽ നിന്ന് മരം വെട്ടിയ കേസിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിനെ തിരിച്ചെടുത്ത സംഭവത്തിൽ വിഷയം പ്രത്യേകമായി പഠിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സസ്പെൻഷന് ഒരു കാലയളവുണ്ട്, സസ്പെൻഷനിൽ ഇരുന്ന് വെറുതെ ശമ്പളം വാങ്ങണോയെന്ന് ചിന്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.