ചെ​റു​തോ​ണി: കനത്ത മഴ തുടർന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ഇന്ന് രാവിലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.50 അടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ 2396.58 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ ഇന്നലെ ശക്തമായി മഴ പെയ്ത സാഹചര്യത്തിൽ അണക്കെട്ടിലേക്കുളള നീരൊഴുക്ക് ശക്തമായി. ഇതോടെ ഇന്നലെ മാത്രം 02 അടിയോളം വെളളം ഉയർന്നു. ഇപ്പോഴും മഴ തുടരുകയാണ്.

അണക്കെട്ടിന്റെ പരമാവധി പരിധിയിലെത്തിയതോടെ ഇടമലയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് തുറന്നിരുന്നു. ഇതിനാൽ ഇടുക്കി അണക്കെട്ടിന്റെ ട്രയൽ റൺ ഉപേക്ഷിച്ചു. 2398 അടിയിലെത്തുമ്പോഴാണ് ട്രയൽ റൺ നടത്താറുളളത്.

എന്നാൽ ഇടമലയാർ അണക്കെട്ടിലെ ഷട്ടർ തുറന്നതോടെ  1,64,000 ലി​റ്റ​ർ വെളളമാണ് സെക്കന്റിൽ പുറത്തേക്ക് ഒഴുകുന്നത്. ഈ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് കൂടി തുറന്നാൽ പെരിയാർ കരകവിഞ്ഞ് ഒഴുകുകയും പല സ്ഥലങ്ങളും വെളളപ്പൊക്കത്തിലാവുകയും ചെയ്യും. ഇത് കണക്കാക്കിയാണ് ട്രയൽ റൺ ഉപേക്ഷിച്ചത്.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പന്നിയാർ, ശെങ്കുളം, നേര്യമംഗലം ജനറേറ്റിങ് സ്‌റ്റേഷനിലേക്കുളള ഗതാഗതം തടസപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നാൽ ഇടുക്കിയിലെ വെളളം ഒഴുക്കിക്കളയാനുളള ശ്രമം നടത്തും. അതേസമയം മഴയെ തുടർന്ന് പലയിടത്തും ഉരുൾപൊട്ടി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി പേരെയാണ് കാണാതായിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ