തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. രാവിലെ 2401.10 അടിയായിരുന്നത് ഇപ്പോൾ 2401 ആയി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് കാരണം. അതേസമയം ജലനിരപ്പ് 2400 അടി ആകുന്നതുവരെ ഷട്ടറുകൾ താഴ്ത്തില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായി ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെയാണ് രണ്ടു ഷട്ടറുകൾ കൂടി ഉയർത്തിയത്. അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ ഇപ്പോഴും കുറവ് വരുത്തിയിട്ടില്ല. സെക്കന്റിൽ 750 ഘനമീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം, പെരിയാറിൽ ജലനിരപ്പ് കുറഞ്ഞുവെങ്കിലും തീരത്തോടുളള ചേർന്നുളള വീടുകൾ ഇപ്പോഴും വെളളത്തിന് അടിയിലാണ്. 240 കുടുംബങ്ങളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. 548 പേർ വിവിധ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. നിരവധി വീടുകൾ തകർന്നു. കിണറുകളിൽ ചെളിവെളളം നിറഞ്ഞതിനാൽ കുടിവെളള ക്ഷാമവും നേരിടുന്നുണ്ട്.

അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒറീസ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ