Kerala Idukki Dam: തൊടുപുഴ: ഇടുക്കി ഡാമിലേക്കുളള നീരൊഴുക്കിൽ നേരിയ കുറവ്. മണിക്കൂറിൽ ഉയരുന്നത് 0.02 അടി വെളളമാണ്. ഇടുക്കി ഡാം തുറന്നുവിടേണ്ടി വരില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി ഉൽപ്പാദനം പരമാവധി വർധിപ്പിച്ചുവെന്നും 24 മണിക്കൂറും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നെന്നും കെഎസ്ഇബി അറിയിച്ചു. അതേസമയം, ട്രയൽ റൺ ഇപ്പോൾ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കി. മണിക്കൂറിൽ 0.02 അടിവെളളമാണ് അണക്കെട്ടിൽ ഉയരുന്നത്. ജലനിരപ്പ് വേഗത്തിൽ ഉയർന്നാൽ മാത്രം ട്രയൽ റൺ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ, ഇടുക്കി ഡാമിലെ ജലനിരപ്പ് 2,395.56 അടിയായി ഉയർന്നു. 2,395.26 അടി ആയിരുന്നു ഇന്ന് രാവിലത്തെ ജലനിരപ്പ്. ജലനിരപ്പ് 2,395 അടി കടന്നതോടെ ഇന്നലെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നു. 36.6 മില്ലി മീറ്റർ മഴയാണ് ഇന്നലെ വൃഷ്ടി പ്രദേശത്ത് ലഭിച്ചത്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിന് സമീപം സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കി. ഡാമിന് താഴെയും നദീതീരത്തും ഉളളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. ചെറുതോണിയിൽ കൺട്രോൾ റൂം തുറന്നു- നമ്പർ 9496011994

ജലനിരപ്പ് 2397-2398 അടിയിലെത്തുന്ന ഘട്ടത്തിൽ ഷട്ടറുകൾ തുറക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം.മണി അറിയിച്ചു. ജലനിരപ്പ് 2396 അടിയെത്തുമ്പോൾ അടുത്ത ജാഗ്രത നിർദേശം നൽകും. ഒറ്റയടിക്ക് ഡാം ഷട്ടറുകൾ തുറക്കില്ല. ട്രയൽ റൺ നടത്തുന്ന കാര്യത്തിൽ വൈകിട്ട് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഡാമിലെ വെള്ളം 2,397 അടിക്ക് മുകളിലെത്തിയാലേ ഷട്ടർ തുറക്കൂവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കി. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻ കരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് തുറക്കുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുവെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയിരുന്നു. തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകുക. ജലനിരപ്പ് 2399 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പ് (റെഡ് അലർട്ട്) നല്‍കിയശേഷം ഡാം തുറക്കാനാണ് ആലോചന. ഡാമിന്റെ പരമാവധി ശേഷി 2403 അടിയാണ്.

റെഡ് അലർട്ട് നൽകുന്നതിനൊപ്പം പെരിയാറിന്റെ തീരത്ത് അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രത നിർദ്ദേശം നൽകുക. അതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക. ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും. നാല് മണിക്കൂർ വരെ നീളുന്നതായിരിക്കും ട്രയൽ റൺ. ഷട്ടർ നാൽപ്പത് സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. അഞ്ച് ഷട്ടറുകളാണ് ചെറുതോണി ഡാമിൽ ഉളളത്. 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ 1750 ഘനയടി വെളളം പുറത്തേയ്ക്ക് ഒഴുകുമെന്നാണ് കണക്കുകൂട്ടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ