തൊടുപുഴ: ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് സംഭരണശേഷിക്കൊപ്പം എത്താറായതോടെ അതിതീവ്രത ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ ഷട്ടറുകൾ ഇന്ന് തന്നെ തുറന്ന് വെളളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. വൈകുന്നേരം അഞ്ച് മണിയോട് ഇക്കാര്യത്തിൽ​ അന്തിമ തീരുമാനമെടുക്കും. നാലരയോടെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിന് ശേഷമായിരിക്കും തീരുമാനം.

169 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. ഇത് 168.2 അടിയിലെത്തി. ഇതോടെ 164 ഘനമീറ്റർ വെളളം ഒഴുക്കിക്കളഞ്ഞ് മുൻകരുതൽ സ്വീകരിക്കാനാണ് തീരുമാനം. അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ 80 സെന്റിമീറ്റർ വരെ ഉയർത്താനാണ് തീരുമാനം.

നാളെ രാവിലെ ഉയർത്തുമെന്നാണ് ആദ്യം വൈദ്യുതി ബോർഡ് അറിയിച്ചത്. എന്നാൽ പിന്നീട് മഴ ശക്തമായതും നീരൊഴുക്ക് വർദ്ധിച്ചതും തീരുമാനം മാറ്റാൻ കാരണമായി. ഇന്നലെ രാത്രിയോടെ മഴ വീണ്ടും ശക്തമായതോടെയാണ് ഇടമലയാർ, ഇടുക്കി ഡാമുകളിൽ വീണ്ടും നീരൊഴുക്ക് വർധിച്ചത്.

ഇടമലയാർ ഡാമിൽ നിന്നും 164 ഘന മീറ്റർ വെള്ളം ഒഴുക്കി വിടാനാണ് വൈദ്യുതി ബോർഡ് തീരുമാനിച്ചിട്ടുളളത്. ഇങ്ങനെ തുറന്നുവിടുമ്പോൾ പെരിയാറിലെ നിലവിലെ ജലനിരപ്പിൽ നിന്നും 1 മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് വൈദ്യുത ബോർഡ് വിലയിരുത്തുന്നു. ഇതിന് മുമ്പ് 2013 ൽ  900 ഘന മീറ്റർ വെളളം  ഇടമലയാർ തുറന്ന് പുറത്ത് വിട്ടിരുന്നു.

ഇടമലയാറിൽ നിന്നും  തുറന്നു വിടുന്ന വെള്ളം ഒരു മണിക്കൂർ കൊണ്ട് കുട്ടമ്പുഴയിലും ഒന്നര മണിക്കൂറിൽ ഭൂതത്താൻ കെട്ടിലും നാല് മണിക്കൂർ കൊണ്ട് പെരുമ്പാവൂർ, കാലടി ഭാഗത്തും ആറ് മണിക്കൂർ കൊണ്ട് ആലുവയിലും എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിരപ്പിളളിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 2396.68 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൽ റൺ നടത്തി സുരക്ഷ ഉറപ്പു വരുത്താൻ അധികാരികളിൽ നിന്നും ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്.

ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ അധിക ദിവസം എടുത്തേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.

സംസ്ഥാനത്ത് പലയിടങ്ങളിലും രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. വയനാട് ജില്ലയില്‍ കനത്ത മഴയെ തുടർന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാമിന്‍റെ നാലാമത്തെ ഷട്ടറും ഉയർത്തിയിട്ടുണ്ട്. ഷട്ടർ തുറന്നത് കാണാനോ മീന്‍ പിടിക്കാനോ പോകരുതെന്ന് അധികൃതരുടെ നിർദ്ദേശമുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് മഴ കുറയുകയും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുമുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതോടെ ഷട്ടർ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ