ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അപകടാവസ്ഥയിൽ അല്ലെന്ന് മന്ത്രി എം.എം.മണി. ഇന്ന് ജില്ലാ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മഴ കുറഞ്ഞതും അണക്കെട്ടിലേക്കുളള നീരൊഴുക്ക് കുറഞ്ഞതുമാണ് അണക്കെട്ട് തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇന്ന് രാവിലെ 2396.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പുണ്ടായിരുന്നത്. 2403 അടിയാണ് അണക്കെട്ടിലെ സംഭരണ ശേഷി. 2399 അടിയിലെത്തിയാൽ ഷട്ടർ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഇപ്പോഴത്തെ സ്ഥിതി വിലയിരുത്താനും ആവശ്യമെങ്കിൽ ഷട്ടർ തുറക്കാനും തീരുമാനിച്ചിരുന്നു.

ഇന്ന് രാവിലെ ചേർന്ന ഉന്നത അധികൃതരുടെ യോഗത്തിൽ ഷട്ടർ തുറക്കേണ്ട സ്ഥിതിയില്ലെന്ന് കെഎസ്ഇബി പറഞ്ഞു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തീരെ കുറവായിരുന്നു. മഴയുടെ ശക്തി കുറഞ്ഞുവരുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മഴയുടേയും നീരൊഴുക്കിന്റേയും ശക്തി ഇനിയും കൂടുകയാണെങ്കിൽ മാത്രമേ അണക്കെട്ട് തുറക്കുന്ന കാര്യം പരിഗണിക്കൂവെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.