scorecardresearch

ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; മുല്ലപ്പെരിയാറിലെ എട്ട് ഷട്ടറുകൾ അടച്ചു

ഈ വർഷം നാലാം തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത്

Idukki dam, ഇടുക്കി അണക്കെട്ട്, idukki water level

തൊടുപുഴ: ഇടുക്കി ഡാമിന്റെ ഷട്ടറുകൾ വീണ്ടും തുറന്നു. ഇന്ന് രാവിലെയാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ ഉയർത്തിയത്. നിലവിൽ 60 സെന്റിമീറ്റർ ഉയർത്തി 6000 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. ഈ വർഷം നാലാം തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത്. 2401.58 അടിയാണ് ഡാമിലെ ജലനിരപ്പ്.

മൂന്നാം ഷട്ടർ 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ ഡാമിന്റെ ഇന്നലെ തുറന്ന ഒമ്പത് ഷട്ടറുകളിൽ എട്ടും അടച്ചു. നിലവിൽ ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.141.90 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ഒമ്പത് ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തി 12654 ഘനയടി വെള്ളമാണ് ഇന്നലെ പുറത്തേക്കൊഴുക്കിയത്. രാത്രി പത്ത് മണിയോടെ മൂന്ന് ഷട്ടറുകൾ അടച്ചു പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 8000 ഘനയടി ആയി കുറച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മറ്റു ഷട്ടറുകളും കൂടി അടച്ചത്.

രാത്രി വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്ഥലം സന്ദർശിക്കാൻ എത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. 140 അടിയിൽ എത്തുന്നതിനു മുൻപ് ഷട്ടർ തുറന്നത് അനുവദിക്കാവുന്നതല്ലെന്നും വിഷയം ഇന്ന് തന്നെ സുപ്രീം കോടതിയുടെ മേൽനോട്ട സമിതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം തുറന്നുവിടുന്നു; ഒമ്പത് ഷട്ടറുകൾ ഉയർത്തി, ജാഗ്രതാ നിർദേശം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Idukki dam shutter opened again mullaperiyar dam shutters closed updates