തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.80 അടിയായി ഉയർന്നു. ഇന്നലെ 2395.68 അടിയായിരുന്നു ജലനിരപ്പ്. അതേസമയം വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് തുറക്കാനുള്ള സാധ്യത കുറഞ്ഞു. ഇന്നലെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ 0.28 അടി മാത്രമാണ് ജലനിരപ്പ് ഉയർന്നത്.

തിങ്കളാഴ്ച രാത്രി 2395 അടി കവിഞ്ഞതിനെത്തുടർന്ന് അതിജാഗ്രതാ നിർദ്ദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ പകൽ സ്ഥിതി ശാന്തമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ മഴ രാവിലെ ഇടിയോടുകൂടി അല്പം ശക്തിപ്രാപിച്ചെങ്കിലും ഉച്ചയോടെ ശമിച്ചു.

വൈകിട്ട് വീണ്ടും പെയ്തെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ വർധനയുണ്ടായില്ല. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഉപരിതല വിസ്തൃതി വർദ്ധിക്കുന്നതും ഇതിനൊരു കാരണമാണ്. അതിനിടെ അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയാകാതെ ഷട്ടറുകൾ തുറക്കില്ലെന്ന് എം.എം. മണി പറഞ്ഞു.

ഇടുക്കി ഡാമിലെ വെള്ളം 2,397 അടിക്ക് മുകളിലെത്തിയാലേ ഷട്ടർ തുറക്കൂവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കി. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻ കരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് തുറക്കുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുവെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയിരുന്നു. തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകുക. ജലനിരപ്പ് 2399 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പ് (റെഡ് അലർട്ട്) നല്‍കിയശേഷം ഡാം തുറക്കാനാണ് ആലോചന. ഡാമിന്റെ പരമാവധി ശേഷി 2403 അടിയാണ്.

റെഡ് അലർട്ട് നൽകുന്നതിനൊപ്പം പെരിയാറിന്റെ തീരത്ത് അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രത നിർദ്ദേശം നൽകുക. അതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക. ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും. നാല് മണിക്കൂർ വരെ നീളുന്നതായിരിക്കും ട്രയൽ റൺ. ഷട്ടർ നാൽപ്പത് സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. അഞ്ച് ഷട്ടറുകളാണ് ചെറുതോണി ഡാമിൽ ഉളളത്. 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ 1750 ഘനയടി വെളളം പുറത്തേയ്ക്ക് ഒഴുകുമെന്നാണ് കണക്കുകൂട്ടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ