തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുളള ട്രയല്‍ റണ്‍ ചൊവ്വാഴ്ച്ച നടത്തും. ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുക. തിങ്കളാഴ്ച്ച ഉച്ചയോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും.
ഡാം തുറക്കുന്നതിന്റെ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് തിങ്കളാഴ്ച്ച നോട്ടീസ് നൽകും. 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. അണക്കെട്ട് കാണാൻ വരുന്നവരെ നിയന്ത്രിക്കാനും തീരത്തെ വലിയ മരങ്ങൾ മുറിച്ചു മാറ്റാനും ജില്ലാ കലക്ടർ വിളിച്ചു ചേർത്ത് യോഗത്തിൽ തീരുമാനമായി.

ഇടുക്കി അണക്കെട്ട് തുറന്നാൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം. ദുരന്ത നിവാരണ അതോറിറ്റി ഇടുക്കി ജില്ലാ ഭരണകൂടത്തിനാണ് നിർദ്ദേശം നൽകിയത്. നദിതീരത്തോ പാലങ്ങളിലോ ആളുകൾ കൂടി നിൽക്കുന്നത് തടയണം. വെളളം പൊങ്ങുമ്പോൾ സൽഫിയും ഫോട്ടോയും എടുക്കരുത്. ഇത്തരം ശ്രമങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം. നദീതീരത്തിന് 100 മീറ്റർ പരിധിയിൽ ആരെയും പോകാൻ അനുവദിക്കരുത്. ഡാം തുറക്കുമ്പോൾ വെളളം പൊങ്ങാൻ ഇടയുളള 5 പഞ്ചായത്തുകളിൽ വിനോദസഞ്ചാരം വിലക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 2394 അടി മുകളിലാണ്. ഒരടി കൂടി ഉയർന്ന് 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറന്നേക്കും. 2,400 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397 മുതൽ 2398 അടി വരെ എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് പരിഗണിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനുറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകള്‍ പുഴയില്‍ പോകുന്നത് ഒഴിവാക്കും. സെല്‍ഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകള്‍ മുതിരുന്നത് നിരുത്സാഹപ്പെടുത്തും. ഇതിനായി ബോധവല്‍ക്കരണം നടത്തും.

അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയാകാൻ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തിൽ എം.എം.മണി പറഞ്ഞു. ഡാം തുറക്കും മുമ്പ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. ഷട്ടറുകള്‍ ആദ്യമായി തുറക്കേണ്ടിവന്നാല്‍ രാത്രിയില്‍ തുറക്കാതെ അത് പകല്‍സമയത്തുതന്നെ ആക്കുമെന്നും മന്ത്രി പറഞ്ഞു. ഡാം തുറന്നുവിടുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്ര വീടുകളെ ബാധിക്കുമെന്നത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേ നടത്തി വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

Read More: ഡാം തുറന്നാൽ വെളളം ആലുവയിലെത്തുന്നത് എപ്പോൾ? ഡാമിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Read More:ഡാം തുറക്കൽ: തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക, ദുരന്ത നിവാരണ അതോറിട്ടിയുടെ 19 സുരക്ഷാ നിർദേശങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.