കൊച്ചി: കാല്‍നൂറ്റാണ്ടിന് ശേഷം ജലസമ്പുഷ്ടമായ ഇടുക്കി അണക്കെട്ട് വൈകാതെ തുറക്കുമെന്ന സൂചനയുമായി വൈദ്യുതി മന്ത്രി എംഎം മണി. ഡാം പൂര്‍ണ സംഭരണ ശേഷി കൈവരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്നു രാവിലെ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഡാമില്‍ സന്ദര്‍ശനം നടത്തിയത്.

ഇപ്പോഴത്തെ രീതിയില്‍ നീരൊഴുക്കും കനത്തമഴയും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനുള്ളില്‍ ഡാം തുറന്നുവിടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നു മന്ത്രി പറഞ്ഞു. 2392 അടിയാണ് വെള്ളിയാഴ്ച രാവിലെ ഇടുക്കി ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. അതേസമയം ഡാം തുറന്നു വെള്ളം ഒഴുക്കിക്കളയാതിരിക്കാനായിരിക്കും കൂടുതല്‍ പരിഗണന നല്‍കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഡാമിലെ ജലനിരപ്പ് വര്‍ധിച്ചതോടെ ഡാം സുരക്ഷാ വിഭാഗം ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷിയെങ്കിലും ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ഡാം തുറക്കും. ഡാം തുറക്കുന്നതിനു മുന്നോടിയായി 2390 അടി പിന്നിട്ട ഇന്നലെ ഡാം സുരക്ഷാ വിഭാഗം ജാഗ്രതാ മുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇനി ജലനിരപ്പ് 2395 അടിയായി വര്‍ധിക്കുമ്പോള്‍ അതി ജാഗ്രതാ മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാം തുറന്നുവിടുകയാണ് പതിവ്.

ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഡാം സുരക്ഷാ വിഭാഗം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണണങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലാകളക്ടര്‍മാരുമായി ചര്‍ച്ച നടത്തി.

ഏതുവിധേനയും വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഡാം തുറക്കുന്നത് ഒഴിവാക്കാനാവുമോയെന്നാണ് അവസാന ഘട്ടത്തിലും വൈദ്യുതി വകുപ്പ് പരിശോധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ വര്‍ഷം ഈ സമയം ഒരു മില്യണ്‍ യൂണിറ്റുവരെ മാത്രമായിരുന്ന പ്രതിദിന ഉല്‍പ്പാദനം എട്ടു മുതല്‍ 14 വരെ മില്യണ്‍ യൂണിറ്റായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ മഴ തുടരുന്നതും ഡാമിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ കുറവില്ലാത്തതുമാണ് ജലനിരപ്പു താഴ്ത്തുന്നതില്‍ വൈദ്യുതി വകുപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

1992 ലാണ് ഇതിന് മുമ്പ് ഡാം തുറന്ന് വിട്ടിട്ടുളളത്. 26 വർഷത്തിന് ശേഷമാണ് വീണ്ടും ഡാം തുറന്നുവിടേണ്ടി വരുന്ന സാഹചര്യം വൈദ്യുതി വകുപ്പ് അഭിമുഖീകരിക്കുന്നത്.

Read More:കനത്ത മഴ: ജാഗ്രതാ നിർദേശം, 26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറക്കാനൊരുങ്ങി വൈദ്യുതി ബോർഡ്

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 135.95 അടിയായി വര്‍ധിച്ചു. സാധാരണ സംഭരണശേഷിയായ 136 അടിയിലേക്ക് ഉടന്‍തന്നെ ഡാമെത്തും. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142ആക്കണമെന്ന കോടതി വിധി ഉണ്ടെങ്കിലും രണ്ട് സര്‍ക്കാരുകളും സമവായത്തിലെത്തി അതിന് മുന്‍പ് അണക്കെട്ട് തുറന്നുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.