തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 2391അടിക്ക് താഴെ എത്തിയതോടെയാണ് ഷട്ടറുകൾ അടച്ചത്. സെക്കന്റിൽ 60 ഘനമീറ്റർ വെളളമാണ് അണക്കെട്ടിലേക്ക് ഇപ്പോൾ ഒഴുകിയെത്തുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തുറന്നുവച്ചിരുന്ന മൂന്നാമത്തെ ഷട്ടറും അടച്ചത്. ജലനിരപ്പ് താഴ്ന്നതോടെ കഴിഞ്ഞ മാസം അവസാനത്തോടെ ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടർ അടച്ചിരുന്നു. ഈ മാസം രണ്ടാം തീയതി രണ്ടാമത്തെയും നാലാമത്തെയും ഷട്ടർ അടച്ചിരുന്നു. സെക്കന്റിൽ 100 ഘനമീറ്റർ വെളളമാണ് മൂന്നാമത്തെ ഷട്ടറിലൂടെ തുറന്നുവിട്ടിരുന്നത്. മഴയുടെ അളവും നീരൊഴുക്കും കുറഞ്ഞതോടെയാണ് തുറന്നുവച്ചിരുന്ന മൂന്നാമത്തെ ഷട്ടറും അടയ്ക്കാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചത്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓഗസ്റ്റ് ഒൻപതിനാണ് ഇടുക്കി അണക്കെട്ട് തുറന്നത്. 26 വർഷത്തിനുശേഷമാണ് അണക്കെട്ട് തുറന്നത്. ഇതിനുമുൻപ് 1992 ലായിരുന്നു അണക്കെട്ട് തുറന്നത്. അണക്കെട്ടിലെ വെള്ളം 2,399.04 അടിയ്ക്കു മുകളിലായത് കണക്കിലെടുത്താണ് ഇത്തവണ ഷട്ടറുകൾ തുറന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

ഇടുക്കി ജലസംഭരണിയ്ക്ക് മൂന്നു അണക്കെട്ടുകളാണ് ഉള്ളത്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ ഇടുക്കി ആർച്ച് ഡാമിന് ഷട്ടറുകളില്ല. അതേസമയം, 43 കിലോ മീറ്റർ അകലെയുള്ള മൂലമറ്റത്തെ ഭൂഗർഭ പവർ സ്റ്റേഷനിലേക്ക് വെള്ളം കൊണ്ടുപോകാൻ കുളമാവ് ഡാമിന് പെൻസ്റ്റോക്ക് പെപ്പുകളാണ് ഉള്ളത്. 780 എംഡബ്ള്യു കപ്പാസിറ്റിയുള്ള ആറ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള വെള്ളമാണ് ഈ അണക്കെട്ടിൽ ഉള്ളത്.

അതുകൊണ്ട് അണക്കെട്ടിൽ ജലനിരപ്പ് കൂടുമ്പോൾ ആദ്യം ചെറുതോണി ഡാം തുറക്കും. ഈ വെള്ളം സ്പിൽവേയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. ചെറുതോണിയിൽ നിന്നൊഴുകുന്ന വെള്ളം ലോവർ പെരിയാർ, നേര്യമംഗലം വഴി ഭൂതത്താൻ കെട്ടും കടന്നാണ് പോകുന്നത്. കാലടി മുതൽ ആലുവ വരെയുള്ള പെരിയാറിന്റെ യാത്ര 24 കിലോമീറ്ററോളം സഞ്ചരിച്ചാണ് അറബിക്കടലിൽ എത്തിച്ചേരുന്നത്. പെരിയാറിന്റെ മറ്റൊരു കൈവഴി ആലുവ മുതൽ കൊച്ചിയുടെ ഉദ്യോഗമണ്ഡൽ വഴി ഒഴുകി വേന്പനാട്ട് കായലിലും ചേരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.