തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത നാളത്തെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനം. ഇതേ തുടർന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ഇടുക്കിയിലെ സിപിഐ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കില്ല.

ദേവികുളത്തെ സ്വകാര്യ റിസോർട്ടിനെതിരെ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നടപടിയെടുക്കാനൊരുങ്ങിയതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. ഇതിനെതിരെ റിസോർട്ടുടമ സർക്കാരിനെ സമീപിച്ചിരുന്നു. ഈ പരാതിയിലാണ് ഇടുക്കിയിലെ രാഷ്ട്രീയ പ്രതിനിധികളെ അടക്കം പങ്കെടുപ്പിച്ച് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ഇക്കാര്യത്തിൽ യോഗം വിളിക്കുന്നത് ശരിയല്ലെന്ന് കാട്ടി റവന്യു മന്ത്രിയും സിപിഐ നേതാവുമായ ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു സെക്രട്ടറി പി.എച്ച്.കുര്യനോട് യോഗം വിളിക്കാൻ നിർദ്ദേശിച്ചത്.

നാളെ തിരുവനന്തപുരത്താണ് യോഗം നടക്കുക. യോഗത്തിൽ റവന്യുമന്ത്രി പങ്കെടുത്തേക്കുമെന്ന് ഒരു ഘട്ടത്തിൽ സൂചനയുണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്ന് പാർട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. വകുപ്പിന് മുകളിൽ മുഖ്യമന്ത്രി അനാവശ്യമായി ഇടപെട്ടെന്നാണ് സിപിഐയുടെ നിലപാട്.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇടുക്കി ജില്ല കളക്ടറെയും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. റവന്യു വകുപ്പ് മന്ത്രി തന്നെ യോഗത്തിൽ പങ്കെടുക്കില്ലെന്നിരിക്കെ യോഗം സർക്കാരിനകത്ത് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൈയേറ്റക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ യോഗം വിളിക്കുന്നത് നിയമപരമായി ശരിയല്ലെന്നാണ് ആദ്യം മുതലേ സിപിഐ നിലപാട് എടുത്തത്. കടുത്ത നിലപാട് സിപിഐയും റവന്യു വകുപ്പും സ്വീകരിച്ചതോടെയാണ് യോഗം വിളിക്കുന്ന കാര്യം നീണ്ടുപോയതും.

അനധികൃത കൈയ്യേറ്റങ്ങൾ എന്ത് വില കൊടുത്തും ഒഴിപ്പിക്കുമെന്ന നിലപാടാണ് മൂന്നാറിൽ റവന്യു മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇതിന് ദേവികുളം സബ് കളക്ടർക്ക് പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സിപിഎം നേതാക്കളെയടക്കം ദേവികുളം സബ് കളക്ടർ പ്രതിസ്ഥാനത്ത് നിർത്തിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ സ്ഥലം മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയർന്നു. പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളിൽ സിപിഐ ഒഴിച്ച് മറ്റെല്ലാവരും ഈ നിലപാടാണ് സ്വീകരിച്ചത്.

മൂന്നാർ വിഷയത്തിൽ കൈയ്യേറ്റക്കാരോടൊപ്പം നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മൂന്നാറിൽ നടപ്പിലാക്കുന്നത് സർക്കാർ നയങ്ങളാണെന്നാണ് റവന്യു മന്ത്രി പറഞ്ഞത്. എന്നാൽ ചിലർ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഉന്നത തല യോഗം വിളിക്കണമെന്ന് നേരത്തേ പല ഭാഗങ്ങളിൽ നിന്നായി ആവശ്യമുയർന്നിരുന്നു. പരാതിക്കാരനും കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വവും ഈ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് കത്തു നല്കിയത്.

എന്നാൽ ഭൂമി കൈയ്യേറിയതിന് തെളിവുണ്ടെന്നാണ് റവന്യു മന്ത്രി മറുപടി കത്തെഴുതിയത്. ഈ കത്തിലാണ് യോഗം വിളിക്കുന്നത് നിയമപരമായി തെറ്റാണെന്നും, യോഗം വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ഭൂമി കൈയ്യേറ്റം സംബന്ധിച്ച് ഹൈക്കോടതിയില്‍ വക്കാലത്തുണ്ടെന്നത് വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ