ഇടുക്കി: ഇടുക്കിയിൽ കോവിഡ് ബാധിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. ഇന്ന് 20 പേർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായവരടക്കം സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 203 ആയി. ഇടുക്കിയിലെ കാവിഡ് ബാധിതൻ നിരവധി സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. ഇതിനിടയിൽ നിരവധി പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ വിദേശത്തു നിന്നു എത്തിയവരാണ്. 201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര് വീടുകളിലും 593 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Read Also: ചില്ലറ ലാഭത്തിനുവേണ്ടി നാടിനെ ആക്രമിക്കരുത്; പായിപ്പാട്ട് വിഷയത്തിൽ മുഖ്യമന്ത്രി
അതേസമയം, ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാർച്ച് 11 നാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു. എംഎൽഎ ഹോസ്റ്റലിൽ നിന്നു ഭക്ഷണം കഴിച്ചു. തിരുവനന്തപുരത്തു നിന്ന് പെരുമ്പാവൂരിലേക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്തു. നിരവധി എംഎൽഎമാരുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട്.
Read Also: എംഎൽഎ ഹോസ്റ്റലിൽ താമസിച്ചു, ഭക്ഷണം കഴിച്ചു, നിയമസഭയിൽ പോയി; ഇടുക്കിക്കാരന്റെ റൂട്ട് മാപ്പ്
ഇയാളുടെ യാത്രാവിവരങ്ങൾ അറിഞ്ഞ ശേഷം മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: “ഇടുക്കിയിലെ കോവിഡ് ബാധിതന്റെ യാത്ര അമ്പരപ്പിക്കുന്നതാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആ പൊതുപ്രവർത്തകൻ സഞ്ചരിച്ചിട്ടുണ്ട്. തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, മൂന്നാർ, കാസർഗോഡ് തുടങ്ങി നിരവധി സ്ഥലങ്ങൾ. ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ ഒരു പൊതുപ്രവർത്തകനിൽ നിന്നുണ്ടാകേണ്ട പ്രവൃത്തിയായിരുന്നോ ഇത്?” ഇടുക്കിയിലെ കോവിഡ് ബാധിതൻ മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റാണ്. രാഷ്ട്രീയ നേതാക്കളുമായി നല്ല അടുപ്പമുണ്ട്.