കൊച്ചി: ”ചികിത്സയ്ക്കു പണമല്ല ഞങ്ങള്‍ക്കു വേണ്ടത്, നീതിയാണ്. ഞങ്ങളുടെ കുട്ടിക്കു സംഭവിച്ചത് ഇനി മറ്റൊരു പെണ്‍കുട്ടിക്കും സംഭവിക്കില്ലെന്ന ഉറപ്പാണ്. അതിനു ജിത്തുവിനെ നിയമത്തിനുമുന്നില്‍ കൊണ്ടു വന്നേ പറ്റൂ. അവന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം,” ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ഉറച്ച ശബ്ദത്തോടെ റോണി പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ഇടുക്കിയിലെ കോളേജില്‍ സഹപാഠിയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കര്‍ണപുടം തകര്‍ന്ന വിദ്യാര്‍ഥിനിയുടെ ബന്ധുവാണു റോണി.

ഇടുക്കി മുരിക്കാശ്വേരി മാര്‍ സ്ലീവ കോളജില്‍ സെപ്റ്റംബര്‍ 18നാണു ബിസിഎ അവസാനവര്‍ഷ വിദ്യാര്‍ഥിനി ക്രൂരമര്‍ദനത്തിനിരയായത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ സഹപാഠിയായ ജിത്തു ജോസഫാണു വിദ്യാര്‍ഥിനിയെ മൃഗീയമായി മര്‍ദിച്ചതെന്നാണു പരാതി. ഉച്ചഭക്ഷണസമയത്ത് ക്ലാസില്‍ ഏതാനും പെണ്‍കുട്ടികള്‍ മാത്രമുള്ളപ്പോഴായിരുന്നു കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ടുള്ള മര്‍ദനമെന്നാണ് ആരോപണം. ക്ലാസ് മുറിയുടെ വാതില്‍ പൂട്ടിയശേഷമായിരുന്നു മര്‍ദനമെന്നതിനാല്‍ പെണ്‍കുട്ടിക്കു രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നു പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയിപ്പോള്‍ ചികിത്സയുടെ ഭാഗമായി എറണാകുളത്താണ്. അതേസമയം പ്രതിയായ ജിത്തു ജോസഫിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

Read Also: കോഴിക്കോട് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

”ചെവിക്കേറ്റ മര്‍ദനത്തില്‍ കര്‍ണപുടം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. മൂന്നാഴ്ച പൂര്‍ണമായ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനുശേഷം ശസ്ത്രക്രിയ വേണം. അതുകഴിഞ്ഞാലും പഴയ അവസ്ഥയിലേക്ക് അവള്‍ തിരിച്ചുവരുമെന്നോ കേള്‍വിശക്തി പൂര്‍ണമായി തിരിച്ചുകിട്ടുമെന്നോ ഉറപ്പില്ല. തലയ്ക്കു ബാലന്‍സ് കിട്ടാത്തതിനാല്‍ എഴുന്നേറ്റുനില്‍ക്കാന്‍ പറ്റുന്നില്ല. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കഴുത്തുവേദനയുമുണ്ട്. അവളെ ഉപദ്രവിച്ച പയ്യന്‍ ഇപ്പോള്‍ ഒളിവിലാണ്. പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാനാണു നോക്കുന്നത്. അവന്റെ വീട്ടുകാര്‍ ചികിത്സാ സഹായം നല്‍കാമെന്നു കോളേജ് അധികൃതര്‍ വഴി അറിയിച്ചിരുന്നു. അതല്ല ഞങ്ങള്‍ക്കു വേണ്ടത്. ഇനി ഒരു പെണ്‍കുട്ടിക്കും ഇങ്ങനെ സംഭവിക്കില്ല എന്ന ഉറപ്പാണ്,” റോണി പറഞ്ഞു.

Read Also: കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോൺ ഉപയോഗം മൗലിക അവകാശം: ഹെെക്കോടതി

ക്രൂരമായി മര്‍ദനമേറ്റ വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടുത്തെ ചികിത്സയ്ക്കുശേഷം കുട്ടിയെ വീട്ടിലേക്കു കൊണ്ടുവന്നു. മുഖം നീരുവയ്ക്കുകയും ചെവികേള്‍ക്കാനും സംസാരിക്കാനും പറ്റാതാവുകയും ചെയ്‌തോടെ വിദ്യാര്‍ഥിനിയെ ബന്ധുക്കള്‍ പിറ്റേദിവസം പൈനാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇതേത്തുടര്‍ന്നു മുരിക്കാശേരി പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ വന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. എന്നാല്‍ കുട്ടിയുടെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്നും വായിച്ചുനോക്കാന്‍ സമ്മിതിച്ചില്ലെന്നുമാണു ബന്ധുക്കളുടെ ആരോപണം.

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും ഇടുക്കി എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥിനിയുടെയും പ്രതിയുടെയും രക്ഷിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍വച്ച് ആദ്യഘട്ടത്തില്‍ സ്വമേധയാ പരാതി ഒത്തുതീര്‍പ്പാക്കിയതാണെന്നാണു പോലീസ് നല്‍കുന്ന വിവരം.

Read Also: വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു; പൊലീസിനോട് കളളക്കഥ പറഞ്ഞ് കാമുകന്‍

പരുക്ക് ഗുരുതരമായതിനെത്തുടര്‍ന്നു പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ചതോടെ കേസ് നടപടികള്‍ ഊര്‍ജിതമാക്കിയതായി തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു. കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതിക്കെതിരേ ചുമത്തിയത്. പ്രതി തൊടുപുഴ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെ പോലീസ് എതിര്‍ത്തിട്ടുണ്ട്. കോടതി അനുവദിക്കുന്ന മുറയ്ക്ക് പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കോളജ് പെണ്‍കുട്ടിക്കനുകൂലമായ എല്ലാ നപടികളും കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്നു പ്രിന്‍സിപ്പല്‍ ഫാ.തോമസ് തൂമ്പുങ്കല്‍ പറഞ്ഞു. ”പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയും പ്രതിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കോളജിലെ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആരോപണവിധേയനെ പിരിച്ചുവിട്ടു. പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും,” പ്രിന്‍സിപ്പല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.