തൊടുപുഴ: ഓഗസ്റ്റിലെ പ്രളയകാലത്ത് ഭീതി പരത്തിയ ഇടുക്കി-ചെറുതോണി ഡാമുകള്‍ ക്രിസ്മസ്-പുതുവര്‍ഷം എന്നിവയോടനുബന്ധിച്ച് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. ഡിസംബര്‍ 22-നു തുറന്ന ഡാം ജനുവരി 20 വരെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടെന്ന് കെഎസ്ഇബി ഹൈഡല്‍ ടൂറിസം വിഭാഗ അധികൃതര്‍ അറിയിച്ചു. കാലങ്ങള്‍ക്കു ശേഷം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു നില്ക്കുന്നതിനാല് ഡാം കാണാനെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ചെറുതോണിക്ക് സമീപമുള്ള പൈനാവ് പാറേമ്മാവിലുള്ള ചെമ്പന്‍ കൊലുമ്പന്‍ സമാധിക്ക് സമീപത്തുകൂടിയുള്ള വഴിയിലൂടെയാണ് ചെറുതോണി ഡാമിലെ പ്രവേശന കവാടത്തിലെത്തേണ്ടത്. മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ഡാം സന്ദര്‍ശിക്കാനുളള പ്രവേശന ഫീസ്. കെഎസ്ഇബി ഹൈഡല്‍ ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബഗി കാര്‍ സൗകര്യം ഉപയോഗിച്ചും സഞ്ചാരികള്‍ക്കു ഡാമുകള്‍ കാണാനാവും. ഇതിനായി ഒരാളിന് 50 രൂപ വീതമാണ് നല്‍കേണ്ടത്. ഇതോടൊപ്പം വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഡാമിനുള്ളില്‍ സ്പീഡ് ബോട്ടില്‍ ഉല്ലാസയാത്ര നടത്താനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. ഒരാളിന് 140 രൂപ വീതാണ് ഇതിനു നിരക്ക് ഈടാക്കുന്നത്.
രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ഡാമുകളിലേക്കു സന്ദര്‍ശകരെ അനുവദിക്കുക. ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും തന്നെ ഡാമിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഇവ ക്ലോക്ക് റൂമില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഡാം തുറന്നു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ നാലായിരത്തോളം സന്ദര്‍ശകരെത്തിയതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2381.72 അടിയാണ്. സംഭരണ ശേഷിയുടെ 76 ശതമാനത്തിലധികം വെള്ളമാണിപ്പോള്‍ ഡാമിലുള്ളത്.
കേരളത്തിനു കനത്ത പ്രഹരമേല്‍പ്പിച്ച ഓഗസ്റ്റിലെ പ്രളയത്തില്‍ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായത് ഇടുക്കി -ചെറുതോണി ഡാമുകളായിരുന്നു. 26 വര്‍ഷങ്ങള്‍ക്കു ശേഷം ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നതും ഡാമിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതും ഈ വര്‍ഷമായിരുന്നു. ഡാമില്‍ നിന്നു വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമെന്ന പേരില്‍ കെഎസ്ഇബി ഏറെ പഴികേട്ടിരുന്നുവെങ്കിലും പിന്നീട് നടന്ന പഠനങ്ങളില്‍ ഇതു തെറ്റാണെന്നു കണ്ടെത്തിയിരുന്നു. ഡാമിനോടൊപ്പം വളര്‍ന്ന ചെറുതോണി പട്ടണത്തെ ഞെരിച്ചുടച്ചതും ഡാമില്‍ നിന്നു തുറന്നുവിട്ട വെള്ളമായിരുന്നു.