കോട്ടയം: ദേവാലയങ്ങളിലെത്തുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും വസ്ത്രധാരണമെന്തായിരിക്കണമെന്ന് നിഷ്കർഷിച്ച് ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം. ഏപ്രില്‍ 23-ന് ഇടുക്കി രൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ വായിക്കാന്‍ ലക്ഷ്യമിട്ടു പുറത്തിറക്കിയിട്ടുള്ള ഇടയലേഖനത്തിലാണ് ഡ്രസ്കോഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദേവാലയത്തിലോ വിശുദ്ധ ഗ്രന്ഥ വായനയ്ക്കായി വചന വേദിയിലോ വരുമ്പോള്‍ പെണ്‍കുട്ടികള്‍ മുട്ടിനു താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കണമെന്നും ക്രൈസ്തവ സ്ത്രീകള്‍ ദേവാലയത്തില്‍ പോകാനും പ്രാര്‍ഥനകളില്‍ പങ്കെടുക്കാനുമെത്തുമ്പോള് പരമ്പരാഗത രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂയെന്നും ഇടയലേഖനം നിര്‍ദേശിക്കുന്നു.
മാതാപിതാക്കള്‍ മക്കളുടെ മുന്നില്‍ വച്ച് കത്തോലിക്കാ സഭയേയോ വൈദികരെയും സന്യസ്തരെയും വിമര്‍ശിക്കാന്‍ പാടില്ല. ഇത്തരത്തില്‍ വിമര്‍ശിക്കുന്നതു ദൈവവിളി കുട്ടികള്‍ക്കു കിട്ടാതിരിക്കാനിടയാക്കും. വൈദികരുടെയും സന്യസ്തരെയും വിമര്‍ശിക്കുന്നതിനു പകരം അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. മുതിര്‍ന്നവരോടും സഭയുടെയും സമൂഹത്തിന്റെയും ശുശ്രൂഷാ മേഖലയിലുള്ളവരോടും വിധേയത്വവും ആദരവുമുള്ള രീതിയില്‍ മാത്രം പെരുമാറാന്‍ മാതാപിതാക്കള്‍ മക്കള്‍ക്കു നിര്‍ദേശം നല്‍കണം. ഇടയലേഖനം പറയുന്നു.
കുട്ടികളുടെ വസ്ത്രങ്ങള്‍ക്കു പണം ചെലവഴിക്കുന്നവരെന്ന നിലയില്‍ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ പ്രദര്‍ശന വസ്തുവാക്കുന്നതില്‍ നിന്നും ആധുനിക ഭ്രമങ്ങളില്‍ നിന്നു നിയന്ത്രിക്കാനും സഭ്യതയുള്ളതുമാത്രം നല്‍കാനും മാതാപിതാതാക്കള്‍ ശ്രദ്ധചെലുത്തണമെന്നു പറയുന്ന ഇടയലേഖനം ഭൗതിക നേട്ടങ്ങളായ ജോലി, സമ്പത്ത്, പഠനം എന്നീ കാര്യങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുമ്പോള്‍ ദൈവവിളിക്കായുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടു പോവുകയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു. തങ്ങള്‍ സ്വീകരിക്കാന്‍ പോകുന്ന ജീവിതാവസ്ഥയ്ക്കനുസരിച്ച് ആത്മശരീര വിശുദ്ധിയോടെ സമര്‍പ്പണം നടത്താന്‍ മക്കളെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഉപദേശിക്കുന്നുണ്ട്.
ഹൃദയശുദ്ധിയും ശരീര ശുദ്ധിയും നഷ്ടപ്പെട്ട രീതിയില്‍ പലര്‍ക്കും വിവാഹ വേദിയിലെത്തേണ്ടി വരുന്നുണ്ടെങ്കില്‍ ഇതിനു കാരണം മതിയായ വിശ്വാസമില്ലായ്മയാണന്നു പറയുന്ന ഇടയലേഖനം മക്കളുടെ അമിതമായ മൊബൈല്‍ ഫോണിന്റെയും സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയുടെ ഉപയോഗത്തിലൂടെ വഴിതെറ്റുന്നുണ്ടെന്നും ഇതിനെതിരേ മാതാപിതാക്കള്‍ ജാഗ്രത പാലിക്കാനും ഉപദേശിക്കുന്നുണ്ട്.
നവജാത ശിശുക്കളുടെ മാമ്മോദീസ ജനിച്ച് എട്ടാമത്തെ ദിവസം തന്നെ നടത്തുന്ന പഴയ പതിവ് തിരികകൊണ്ടുവരണമെന്നും ഇടയലേഖനം നിര്‍ദേശിക്കുന്നു. ക്രിസ്തീയ ചൈതന്യമില്ലാത്ത പേരുകളാണ് ഇപ്പോള്‍ പലമാതാപിതാക്കളും മക്കള്ക്കിടുന്നതെന്നും ഇടയലേഖനം വിമര്‍ശിക്കുന്നു. ക്രൈസ്തവ വിശ്വാസവും മാതൃകയും പുലര്‍ത്തുന്ന പേരുകള്‍ മക്കള്‍ക്കിടാന്‍ മാതാപിതാക്കള്‍ അഭിമാനിക്കണം. ക്രൈസ്തവ നാമത്തിലുള്ള ഓമനപ്പേരുകള്‍ മക്കള്ക്കിടുന്നതിലൂടെ വിശുദ്ധര്‍ ഓര്‍മിക്കപ്പെടുമെന്നും വ്യക്തമാക്കുന്നു.
രാഷ്ട്രീയത്തില്‍ നല്ല നേതാക്കള്‍ ഉണ്ടാകേണ്ടതിനായി മക്കളെ നേതൃവാസനയില്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും നിര്‍ദേശിക്കുന്നു. രാജ്യ ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വീസ് പബ്ലിക് സര്‍വീസ് എന്നീ മേഖലകളില്‍ കുട്ടികളെ അയച്ചാല്‍ ഭരണതലത്തിലും അധികാരതലത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ അവസരമൊരുക്കുമെന്നും ഇക്കാര്യങ്ങള്‍ക്കു മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പറഞ്ഞാണ് ഇടയേലഖനം അവസാനിപ്പിച്ചിരിക്കുന്നത്.