Latest News

“തൊഴിലാളികളെ കൈവിട്ടുളള ഒരു വികസനവും കേരളത്തിൽ നടക്കില്ല,” തോമസ് ഐസക്

ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുകയാണ് സിപിഎം, അത് ഇടത് ആശയങ്ങളിൽ നിന്നുളള ചുവടുമാറ്റമല്ലെന്ന് ധനമന്ത്രി

ന്യൂഡൽഹി: കേരളത്തിലെ ഇടതുപക്ഷം വ്യവസ്ഥാപിത ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചതല്ലെന്നും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കുകയാണെന്നും ധനമന്ത്രി തോമസ് ഐസക്. ഇന്ത്യൻ എക്‌സ്പ്രസിന്റെ ഐഡിയ എക്‌സ്‌ചേഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിൽ എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. പഴയ ക്ലാസ്‌മുറികളല്ല അവർക്കിപ്പോൾ വേണ്ടത്. മികച്ച സൗകര്യങ്ങളാണ്. യുവാക്കൾ അവരുടെ വിദ്യാഭ്യാസം അനുസരിച്ചുളള ജോലി ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ നിലയിൽ ഇടത് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ സർക്കാരിന് ഈ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ കൊണ്ട് മാത്രം ഇത് നേടാനാകുമെന്ന് കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ജീവിതവും ജോലിയും ഭദ്രമാക്കുന്ന വിധത്തിൽ സ്വകാര്യ നിക്ഷേപം സാധ്യമാക്കണമെങ്കിൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. അതിനാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളെ എല്ലാ അർത്ഥത്തിലും സംരക്ഷിച്ച് കൊണ്ടുളള വികസനമാണ് കേരളത്തിൽ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന ബദൽ. കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ച താഴേക്കാണെന്ന് ഞങ്ങൾക്കറിയാം. അതിനാലാണ് വയനാട്ടിലെ കാപ്പി രാജ്യാന്തര ബ്രാന്റിങ്ങിലൂടെ വിപണിയിലിറക്കാനുളള പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മലയോര ഹൈവേയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ വില നൽകുകയില്ലെന്ന് പറഞ്ഞതിന്റെ കാരണവും ധനമന്ത്രി പറഞ്ഞു. “വികസനം എത്താത്ത മലയോര മേഖലയിൽ ഹൈവേ വന്നാൽ ഭൂമിവില ഉയരും. ഈ മേഖലയിലെ ഭൂവുടമകൾ ഹെവേയ്ക്കായി വാദിക്കുന്നവരുമാണ്. ഇവർക്ക് ഭാവിയിൽ ശേഷിക്കുന്ന ഭൂമിക്ക് ഉയർന്ന വില ലഭിക്കും,” ഐസക് പറഞ്ഞു.

രാജ്യത്ത് എല്ലാ പാർട്ടികളും ഉദാരവത്കരണത്തോട് അനുകൂല നിലപാടുളളവരാണ്. എന്നാൽ സിപിഎം അങ്ങിനെയല്ല, രാഷ്ട്രീയമായി വ്യത്യസ്‌ത ആശയം പിന്തുടരുന്നത് കൊണ്ടാണ് വലത് പാർട്ടികളോട് രാഷ്ട്രീയ സഖ്യം എന്ന നിലപാട് സ്വീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇടത് നയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ പ്രതിപക്ഷത്തെ എല്ലാ കക്ഷികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുളള ശ്രമമാകും സിപിഎം വരും കാലത്ത് സ്വീകരിക്കുകയെന്ന് തോമസ് ഐസക് വ്യക്തമാക്കി. ബിജെപിക്കെതിരായ പോരാട്ടത്തിൽ നിർണായക സ്വാധീനം പാർട്ടി ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഭൂരിഭാഗം സംസ്ഥാനത്തും ബിജെപി ഇതര കക്ഷികൾ ഭരണത്തിലുണ്ടായിരുന്നത് കൊണ്ടാണ് ജിഎസ്‌ടി കമ്മിഷനിൽ തന്റെ വാദങ്ങൾക്ക് പിന്തുണ ലഭിച്ചത്. എന്നാൽ ഇപ്പോൾ സ്ഥിതി അതല്ലെന്നും അതിനാൽ തന്നെ ജിഎസ്‌ടി സംബന്ധിച്ച പരാതികൾ കേന്ദ്രം ചെവിക്കൊളളുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തുളള കൂടുതൽ കക്ഷികളുടെ പിന്തുണ സ്വരൂപിക്കാനാവും ബിജെപി ശ്രമിക്കുക. കർണാടക തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പ്രതിപക്ഷം വെല്ലുവിളി ഉയർത്തുമെന്ന തോന്നലുണ്ട്. അതിനാൽ തന്നെ ജയം ഉറപ്പാക്കും വിധത്തിൽ ബിജെപി പ്രതിപക്ഷ പിന്തുണ നേടിയ ശേഷം പൊതുതിരഞ്ഞെടുപ്പിനുളള പ്രഖ്യാപനം വരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read in English: No alliance with political parties but will adopt tactics not to split votes: Kerala Finance Minister Thomas Isaac

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Idea exchange with dr t m thomas issac finance minister of kerala

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express