കൊച്ചി: ജലനിരപ്പ് പരമാവധി പരിധിയിലെത്തിയതിനെ തുടർന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് ആദ്യ രണ്ട് ഷട്ടറുകൾ തുറന്നത്. ഒന്നര മണിക്കൂറിന് ശേഷമാണ് മൂന്നാമത്തെ ഷട്ടറും തുറന്നത്.

ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ആറ് മണിക്കൂറിനുളളിൽ ജലം പെരിയാറിലൂടെ ആലുവയിൽ എത്തുമെന്നാണ് അറിയുന്നത്.   164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുന്നത്.  പെരിയാറില്‍ ഒന്നരമീറ്റര്‍വരെ ജലനിരപ്പ് ഉയരും.

രാവിലെ എട്ട് മണിക്കാണ് ആദ്യം അണക്കെട്ട് തുറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ രാത്രി വൈകി ഈ തീരുമാനം മാറ്റി ആറ് മണിക്കാക്കി. പക്ഷെ ജലനിരപ്പ് 169.95 മീറ്റർ എത്തിയതോടെ പുലർച്ചെ അഞ്ച് മണിയോടെ അണക്കെട്ട് തുറക്കുകയായിരുന്നു.

ഇടമലയാർ അണക്കെട്ട് തുറന്നതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ 14 ഷട്ടറുകളും തുറന്ന് വച്ചിരിക്കുകയാണ്. ഇടമലയാർ തുറക്കുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ട്രയലിനായി തുറക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇടുക്കി അണക്കെട്ടിൽ 2398.2 അടിയായി ജലനിരപ്പ് ഉയർന്നു.

ശക്തമായ മഴയെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.  2005-ലും 2013-ലും ഇടമലയാര്‍ അണക്കെട്ട് മുൻപ് തുറന്നിട്ടുണ്ട്. ഇടമലയാര്‍ അണക്കെട്ടിലെ വെളളം വടാട്ടുപാറ പലവന്‍വടിയിലൂടെ കുട്ടമ്പുഴ ആനക്കയത്ത് വച്ച് കുട്ടമ്പുഴയാറുമായി ചേരും. പിന്നീട് തട്ടേക്കാട് വനമേഖലയിലൂടെ കൂട്ടിക്കലിൽ വച്ച് പെരിയാറിന്റെ ഭാഗമാകും. പിന്നീട് ഭൂതത്താൻ കെട്ടിലെത്തുന്ന വെളളം  മൂന്നര മണിക്കൂർ കൊണ്ട് 48 കിലോമീറ്റർ അകലെയുളള ആലുവയിൽ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടൽ.

എറണാകുളം ജില്ലയിലെ നിരവധി പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രളയക്കെടുതിക്ക് സാധ്യതയുണ്ട്.  കുട്ടമ്പുഴ ടൗണ്‍, കീരമ്പാറ, കവളങ്ങാട്, പിണ്ടിമന പഞ്ചായത്തുകളിലെ പെരിയാര്‍ തീരപ്രദേശങ്ങളെയുമാണ് വെള്ളപ്പൊക്കം ബാധിക്കുക. ആവശ്യമായി വന്നാല്‍ കോതമംഗലത്ത് 10 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചു.

ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ് 2398.02 അടിയിലെത്തി.  ഇടമലയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷമേ ഇടുക്കി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ ഉണ്ടാകൂ.

പശ്ചിമഘട്ട മലനിരകളില്‍ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് പറമ്പിക്കുളം, കേരള ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. തമിഴ്‌നാട് അപ്പര്‍ ഷോളയാറിന്റെ മൂന്ന് ഷട്ടറുകളും തുറന്നു.

പറമ്പിക്കുളം അണക്കെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൂടുതല്‍ തുറന്നത്. കേരള ഷോളയാറിലെ ഷട്ടറുകള്‍ ബുധനാഴ്ച ഉച്ചയോടെ ആറടിയാണ് ഉയര്‍ത്തിയത്.  വാഴച്ചാല്‍ കാടുകളില്‍ കനത്ത മഴ ലഭിച്ചതും പറമ്പിക്കുളം അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതും മൂലം പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് 81 അടിയാക്കി ഉയർത്തി. ഇതോടെ ചാലക്കുടിപ്പുഴയിൽ വെളളം കയറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ