തൊടുപുഴ: ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുളള റോഡ് തകർന്നു. പത്തുദിവസം മുമ്പു പെയ്‌ത കനത്ത മഴയിലാണ് മൂന്നാറിനു സമീപമുള്ള പെട്ടിമുടിയില്‍ നിന്ന് ഇടമലക്കുടിയിലെ ആദ്യകുടിയായ സൊസൈറ്റി കുടിയിലേക്കുള്ള റോഡ് പൂര്‍ണമായി തകര്‍ന്നത്. കാല്‍നടയാത്രയ്‌ക്കു പോലും കഴിയാത്ത വിധത്തില്‍ 13 കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന ഈ റോഡ് തകര്‍ന്നതോടെ ഇടമലക്കുടി പുറംലോകവുമായി ഒറ്റപ്പെട്ടിരിക്കുകയാണ്.
റോഡു തകര്‍ന്നതോടെ ഇവിടുത്തെ ജനങ്ങൾ പട്ടിണി അഭിമുഖീകരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് റോഡു തകര്‍ന്നതിനാല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാനാവാതെ വരുന്നതാണ് ഭക്ഷണ ദൗര്‍ലഭ്യം പോലുള്ള പ്രശ്‌നങ്ങളിലേക്ക് ഇടമലക്കുടിയെ എത്തിക്കുന്നത്. റോഡ് തകര്‍ന്നത് ഇടമലക്കുടിയിലെ റേഷന്‍ വിതരണത്തെയും സാരമായി ബാധിച്ചു തുടങ്ങിയെന്നാണ് സൂചന. ഇടമലക്കുടിയില്‍ റേഷന്‍ വിതരണത്തിനു നിയോഗിക്കപ്പെട്ട ദേവികുളത്തെ ഗിരിജന്‍ സംഘം സംഭരിച്ചുവച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ തീര്‍ന്ന മട്ടാണ്. റോഡ് തകര്‍ന്നതോടെ സാധനങ്ങള്‍ എത്തിക്കുന്നതു നിലവില്‍ നിലച്ചിരിക്കുകയാണെന്നും ഉടന്‍ റോഡ് ഗതാഗത യോഗ്യമാക്കി സാധങ്ങള്‍ എത്തിച്ചില്ലെങ്കില്‍ വരും നാളുകളില്‍ ഇടമലക്കുടിയിലെ കുടികളില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന് ഇടമലക്കുടി സ്വദേശിയായ രവി പറയുന്നു.
ഇടമലക്കുടിയില്‍ നിയോഗിച്ചിട്ടുള്ള ട്രൈബല്‍ ഇന്റലിജന്‍സ് പൊലീസ് വിഭാഗത്തിന് അനുവദിച്ച വാഹനവും റോഡ് തകര്‍ന്നതോടെ സൊസൈറ്റിക്കുടയില്‍ കുടുങ്ങിയ നിലയിലാണ്. റോഡിന്റെ പലഭാഗവും ഒലിച്ചുപോവുകയും ചെളിക്കുളമായി മാറുകയും ചെയ്‌തതോടെയാണ് യാത്ര അസാധ്യമായത്.
കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനൊപ്പം വന്‍മരങ്ങള്‍ വീണു കിടക്കുന്നതും യാത്ര ദുരിതമാക്കുന്നുണ്ട്. റോഡ് തകര്‍ന്നതോടെ അടിയന്തിരമായി വൈദ്യ സഹായം ആവശ്യമായി വന്നാല്‍പോലും വാഹനം എത്തിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. കുടി നിവാസികളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ സാധനങ്ങളാണ് പ്രധാനമായും ആഹാരമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ഇടമലക്കുടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും ഇഡലിപ്പാറയിലെ ഏകാധ്യാപക വിദ്യാലയത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോവുകയും ചെയ്‌തിരുന്നു.
ഇടമലക്കുടിയില്‍ ട്രൈബല്‍ ഇന്റലിജന്‍സ് പൊലീസിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട വിവിധ കൃഷിവിളകളും കനത്തമഴയില്‍ നശിച്ചിട്ടുണ്ട്. ആദിവാസികളെ പരമ്പരാഗത കൃഷിയിലേക്കു തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പൊലീസുകാരുടെ നേതൃത്വത്തില്‍ കപ്പ, കരനെല്ല് ,റാഗി തുടങ്ങിയവ കൃഷി ചെയ്‌തത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും കനത്തമഴയില്‍ വെള്ളം കയറി നശിക്കുകയായിരുന്നു.
ഇടമലക്കുടിയിലേക്കു റോഡ് നിര്‍മിക്കാന്‍ വിവിധ പദ്ധതികളിലായി ലക്ഷക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മതിയായ യാത്രാ സൗകര്യം ഉറപ്പാക്കുന്ന തരത്തിലുള്ള റോഡ് സൗകര്യം ഉറപ്പാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. അടുത്തിടെ ഇടമലക്കുടിയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠനം നടത്തിയ ട്രൈബല്‍ ഇന്റലിജന്‍സ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇടമലക്കുടിയിലേക്കു മതിയായതും സുരക്ഷിതത്വമുള്ളതുമായ യാത്രാ സൗകര്യം ഉറപ്പുവരുത്തണമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.