തൊടുപുഴ: കേരളത്തിലെ ആദ്യ ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നിയമിച്ച ട്രൈബല്‍ ഇന്റലിജന്‍സ് പൊലീസ് സംഘത്തെ പുതിയ എസ്.പി പിരിച്ചുവിട്ടു. പൊലീസ് അസോസിയേഷന് അനഭിമതനായ പൊലീസുകാരനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധവും തര്‍ക്കങ്ങളുമാണ് ഇടമലക്കുടിയില്‍ നിന്നു പൊലീസ് സംഘത്തെ തന്നെ പിന്‍വലിക്കുന്നതിലേക്കു നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞ നവംബറിലാണ് ഇടമലക്കുടിയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനും ആദിവാസി ജനവിഭാഗങ്ങളില്‍ സുരക്ഷിതത്വബോധം ഉറപ്പുവരുത്താനുമായി രണ്ടു വനിതാ പൊലീസുകാരും രണ്ടു പുരുഷ പൊലീസുകാരുമടങ്ങിയ സംഘത്തെ ഇടമലക്കുടിയിലേക്കയച്ചത്. മുന്‍ ഇടുക്കി എസ്‌.പി എ.വി.ജോര്‍ജിന്റേതായിരുന്നു ഈ തീരുമാനം.

എഎസ്‌ഐമാരായ എം.എം.ഫക്രുദീന്‍, വി.കെ.മധു, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ലൈലാ മോള്‍, കെ.വി.ഖജീജ എന്നിവരായിരുന്നു ട്രൈബല്‍ ഇന്റലിജന്‍സ് പൊലീസിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയിലേക്കു പോയത്. ഇടമലക്കുടിയിലെ 28 കുടികളിലുള്ള എല്ലാ കുടുംബങ്ങളിലുമുള്ളവരുമായി ആശയവിനിമയം നടത്തുക, പൂര്‍ണവിവരം ശേഖരിക്കുക, അവരുടെ ഫൊട്ടോയെടുക്കുക എന്നതായിരുന്നു ഈ പൊലീസ് പദ്ധതി.

ഇതെല്ലാം ഉൾപ്പെടുത്തി ഇടമലക്കുടിയിലെ എല്ലാ വ്യക്തികളെയും കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ ആല്‍ബം തയാറാക്കി ജില്ലാ പൊലീസ് മേധാവിക്കു നല്‍കാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇടമലക്കുടയിലെ ആദിവാസികളെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാനായിരുന്നു പൊലീസ് നീക്കം. ഇതിന്റെ ഭാഗമായി രണ്ടുമാസത്തിനിടെ ഇരുപതോളം കുടികളിലുള്ളവരുമായി സംസാരിക്കുന്നതും വിവരങ്ങള്‍ ശേഖരിക്കുന്നതുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ട്രൈബല്‍ ഇന്റലിജന്‍സ് സംഘം പൂര്‍ത്തിയാക്കിയിരുന്നു.

ഇടമലക്കുടിയിലേക്കു നിയോഗിച്ച എഎസ്‌ഐമാരിലൊരാള്‍ക്കെതിരായ അസോസിയേഷനിലെ ചിലരുടെ നീക്കമാണ് ട്രൈബല്‍ ഇന്റലിജന്‍സ് പദ്ധതി തന്നെ നിര്‍ത്തുന്ന തരത്തിലേക്കു പടലപ്പിണക്കം വളര്‍ത്തിയതെന്നാണ് വിവരം. കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമായതിനാല്‍ ഈ പൊലീസുകാരനെതിരെ പ്രതികാര ബുദ്ധിയോടെയുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇടമലക്കുടിയില്‍ സര്‍ക്കാര്‍ മതിയായ സൗകര്യങ്ങളും സ്വൈര ജീവിതവും ഉറപ്പാക്കിയില്ലെങ്കില്‍ മാവോയിസ്റ്റുകള്‍ ഇടമലക്കുടി താവളമാക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. താരതമ്യേന ശാന്തമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന ഇടമലക്കുടിയിലെ ജനവിഭാഗത്തിനിടയില്‍ സര്‍ക്കാരിനെതിരേ തിരിയാനും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സഹായത്തോടെ പുറത്തുനിന്നുള്ളവര്‍ ഇടമലക്കുടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പരാമര്‍ശിച്ചിരുന്നു.

ഇടമലക്കുടിയില്‍ നരബലി നടന്നതായി ഒരു സന്നദ്ധസംഘടന രണ്ടുമാസം മുന്‍പു പുറത്തുവിട്ട വാര്‍ത്ത വന്‍ വിവാദമുണ്ടാക്കിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഈ പ്രചാരണം വ്യാജമാണെന്നു കണ്ടെത്തുകയും സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇടമലക്കുടിയിലെ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് ഡേറ്റാ ബാങ്ക് തയാറാക്കാന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന എ.വി.ജോര്‍ജ് ട്രൈബല്‍ ഇന്റലിജന്‍സ് പൊലീസിന് രൂപം നല്‍കിയത്.

രണ്ടാഴ്ച മുന്‍പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടമലക്കുടിയില്‍ ആദിവാസികുടുംബത്തെ മര്‍ദിക്കാന്‍ ശ്രമിക്കുകയും സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ മൂന്നാര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇടമലക്കുടിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആദിവാസികളോടുള്ള സമീപനം ശരിയായ രീതിയിലുള്ളതല്ലെന്നും വനംവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയാണുള്ളതെന്നും പേടിമൂലമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദിവാസികള്‍ അനുസരിക്കുന്നതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് അടുത്തിടെ കണ്ടെത്തിയിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.