തിരുവനന്തപുരം: വ്രത ശുദ്ധിയുടെ നിറവില്‍ ഇസ്‌ലാം മത വിശ്വാസികള്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ചെറിയ പെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഈദ് നമസ്‌കാരം നടന്നു.
അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള മുപ്പതുദിവസത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് ഒരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ബന്ധുവീടുകളിലെ സന്ദര്‍ശനം,പരസ്പരം ആശ്ലേഷിച്ച്, സ്‌നേഹം പങ്കിട്ട് പുതു വസ്തത്രങ്ങള്‍ ധരിച്ചാണ് വിശ്വാസികള്‍ പെരുന്നാളാഘോഷം തുടങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശമാണ് റമസാനും ഈദുല്‍ ഫിത്റും മുന്നോട്ടു വയ്ക്കുന്നത്. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം ജീവിതത്തില്‍ പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിനേതൃത്വം നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊല്ലം ബീച്ചിലെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. കൊച്ചി കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാവിലെ 7.30ന് നടന്ന ഈദ് ഗാഹിന് ഷെരീഫ് മേലേതില്‍ നേതൃത്വം നല്‍കി.
കോഴിക്കോട് ബീച്ചില്‍ നടന്ന സംയുക്ത ഈദ് ഗാഹിന് ടി.ആരിഫലി നേതൃത്വം നല്‍കി. മര്‍ക്കസ് നോളേജ് സിറ്റി ജാമി ഉല്‍ ഫുതൂഹില്ലില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരാണ് നേതൃത്വം നല്‍കിയത്. ചാലിയം ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ഹജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.