കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
സത്യസന്ധമായി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം. പാലാരിവട്ടം മേല്‍പ്പാലം നിർമാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ഇ.ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അറിയിച്ചിരുന്നു.
Read Also: ‘അതൊന്നും മന്ത്രിയുടെ പണിയല്ല’; പാലാരിവട്ടം മേല്‍പ്പാല വിഷയത്തില്‍ ഇബ്രാഹിംകുഞ്ഞ്
മന്ത്രിയായിരുന്ന താന്‍ പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിംകുഞ്ഞ് നേരത്തെ പറഞ്ഞിരുന്നു. പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുള്ളതില്‍ 97 ലും വിള്ളല്‍ കണ്ടെത്തിയെന്നും ശ്രീധരന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നിലവാരം കുറഞ്ഞ കോണ്‍ക്രീറ്റാണ് പാലത്തിനായി നടത്തിയത്. 20 വര്‍ഷം മാത്രമേ ഇതോടെ പാലത്തിന് ആയുസുണ്ടാവുകയുള്ളൂ.