scorecardresearch
Latest News

മീഡിയ വണ്ണിന്റെ സംപ്രേഷണം വിലക്കിയത് ഗൗരവതരമെന്ന് മുഖ്യമന്ത്രി; നടപടിക്കെതിരെ വ്യാപക പ്രതിഷേധം

രാജ്യത്ത് കുറച്ചു കാലമായി മാധ്യമങ്ങൾക്ക് നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വൺ ചാനലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ)

മീഡിയ വണ്ണിന്റെ സംപ്രേഷണം വിലക്കിയത് ഗൗരവതരമെന്ന് മുഖ്യമന്ത്രി; നടപടിക്കെതിരെ വ്യാപക പ്രതിഷേധം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് ഗുൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസപ്പെടുത്താത്ത സാഹര്യമാണുണ്ടാകേണ്ടത്.

വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ട്. മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല.

ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ൻ്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്, മുഖ്യമന്ത്രി വ്യക്തമാക്കി.

മീഡിയ വണ്‍ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണ്, അതിനാല്‍ തന്നെ മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് അഭിപ്രായ സ്വതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമായി വേണം കണക്കാക്കാന്‍, നിയമസഭ സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു.

മീഡിയ വൺ ചാനലിനെതിരെയുള്ള കേന്ദ്ര നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ജനാധിപത്യത്തിന്റെ നാലാം തൂണിനെ ചങ്ങലക്കിടാനുള്ള ഏതൊരു നീക്കവും അപലപനീയമാണ്. പേടിപ്പിച്ച് നിശബ്ദരാക്കുക എന്ന തന്ത്രം കേരളത്തിൽ വിലപ്പോവില്ല. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ ജനാധിപത്യവാദിയും മുന്നിലുണ്ടാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ വിരുദ്ധമായ ഒന്നാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. മതിയായ കാരണങ്ങള്‍ പറയാതെയുള്ള വിലക്ക് സ്വാഭാവികമായും നീതിയുടെ ലംഘനമാണ്. അപ്രിയ വാര്‍ത്തകളോടെ അസഹിഷ്ണുത കാട്ടുന്ന സംഘപരിവാര്‍ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയ വണ്ണിന്റെ സംപ്രേഷണം നിര്‍ത്തി വച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഓരോ മാധ്യമങ്ങളേയും വരുതിയിലാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തിക്കോണ്ടിരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

രാജ്യത്ത് കുറച്ചു കാലമായി മാധ്യമങ്ങൾക്ക് നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വൺ ചാനലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). ജനാധിപത്യം ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും കടയ്ക്കൽ കത്തി വെക്കുന്നതാണു കേന്ദ്ര നടപടിയെന്നും സംഘടന വിമര്‍ശിച്ചു.

മധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കനത്ത വെല്ലുവിളിയാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ അഭിപ്രായങ്ങൾ പറഞ്ഞാൽ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും അതിന്റെ മറവിൽ ഒരു ചാനലിന്റെ പ്രക്ഷേപണം നിർത്തിവയ്പ്പിക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കാനം അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടിയിലൂടെ രാജ്യത്തെ ജനാധിപത്യം ഇല്ലാതായിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആര്‍ എസ് എസിന്റെയും  ബിജെപിയുടെയും നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങള്‍  അണിനിരക്കണം. എത്രയും പെട്ടെന്ന് തന്നെ ചാനലിന്റെ വിലക്ക് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരായ ഫാസിസ്റ്റ് നടപടിയാണ് മീഡിയ വണ്ണിനേര്‍പ്പെടുത്തിയ വിലക്കെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വ്യക്തമാക്കി. സംപ്രേഷണം വിലക്കിയത് ജനാധിപത്യവിരുദ്ധമെന്ന് ഇടതു സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും പ്രതികരിച്ചു. മാധ്യമസ്ഥാപനങ്ങള്‍ക്ക് എതിരായ കടന്നാക്രമണം ചെറുക്കണമെന്നും ഡിവൈഎഫ്ഐ.

പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിഖ് അബു തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തകരും കേന്ദ്ര നടപടിയില്‍ പ്രതിഷേധം അറിയിച്ചു.

Also Read: മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ib ministry ban on media one political reactions

Best of Express