തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണസ്തംഭനത്തിന് ആക്കം കൂട്ടി വീണ്ടും ഉന്നത ഉദ്യോഗസ്ഥ പോര് മുറുകുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാണ് ഇപ്പോൾ കൂടുതൽ രൂക്ഷമാകുന്നത്. ഉദ്യോഗസ്ഥ ചേരിതിരിവ് ഭരണത്തെ ബാധിച്ചു കഴിഞ്ഞിട്ട് നാളുകളായി. ഉദ്യോഗസ്ഥർ തമ്മിലുള്ള വിടവ് വർധിപ്പിക്കുന്ന തരത്തിൽ വിഷയങ്ങൾ വികസിക്കുന്നത്.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നടപടികളെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥ സംഘ പോര് തുടങ്ങിയത്. ഐ എ എസ് ഉദ്യോഗസഥർക്കെതിരായ വിജിലൻസ് നടപടികളാണ് പോര് ശക്തമാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ. .എം എബ്രഹാമിനെതിരെ നടത്തിയ ത്വരിതാന്വേഷണ നടപടികളോടെയാണ് ഉദ്യോഗസ്ഥ പ്രതിഷേധം അണപൊട്ടിയൊഴുകിയത്. ഐ എ എസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചു. അതോടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി രാജി സന്നദ്ധത പ്രകടിപ്പിച്ചു.

ഐ എ എസ് ഉദ്യോഗസ്ഥർ തങ്ങൾക്കെതിരായ ആയുധം തിരികെ ഉപയോഗിക്കുകയാണിപ്പോൾ. കെ. എം എബ്രഹാമിനെതിരായ ത്വരിതാന്വേഷണം നടത്തിയത് വിജിലൻസ് ആയിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വൻ ക്രമക്കേട് കാണിച്ചുവെന്നുള്ള റിപ്പോർട്ടാണ് സർക്കാരിന് നൽകിയാണ് കെ എം എബ്രഹാം തിരിച്ചടിച്ചിരിക്കുന്നത്.. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ 15 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് സർക്കിരിന് നൽകിയ റിപ്പോർട്ട്. തുടർന്ന് ജേക്കബ് തോമസിനെ മാറ്റി നിർത്തണമെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ആവശ്യപ്പെട്ടു.

ഐ എ എസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുന്നതിന് കാണിക്കുന്ന താൽപര്യം മറ്റ് അഴിമതിക്കേസുകളിൽ വിജിലൻസില്ലെന്ന് വിമർശനവുമായി കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു. അഴിമതിക്കാരായ പ്രമാണിമാർ കേസുകളിൽ നിന്നും രക്ഷപ്പെടുന്നുവെന്ന് വി. എസ് പറഞ്ഞു. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്, ബാർ കോഴക്കേസ്, പാറ്റൂർ ഭൂമി കേസ്, ടൈറ്റാനിയം അഴിമതി കേസ് എന്നീ കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും വി. എസ്. ആരോപിച്ചിരുന്നു.

വി. എസ് തുടർച്ചയായ രണ്ട് ദിവസങ്ങളിലായി വിജിലൻസിനെതിരായ ഉന്നയിച്ച ആരോപണങ്ങളുടെ പിന്നാലെയാണ് വിജിലൻസ് ഡയറക്ടർക്കെതിരായ റിപ്പോർട്ട് സർക്കാരിന് കൈമാറുന്നത്.
ഈ സാഹചര്യത്തിൽ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പരസ്പര ആരോപണങ്ങൾ, നടപടികളും ഭരണത്തെ ഉലയ്ക്കുകയാണ്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുടെ നടപടികൾ ഫയലിൽ ഉറങ്ങുമ്പോൾ ജനജീവിതമാണ് വഴിയാധാരാമാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.