മുംബൈ: മലയാളികൾ ഏറ്റവുമധികം സ്നേഹിച്ച ഐഎസ്എൽ താരം ഇയാൻ ഹ്യൂം എന്ന ഹ്യൂമേട്ടൻ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു. മഞ്ഞ ജേഴ്സി അണിഞ്ഞ് കലൂരിന്റെ ഗ്യാലറിയെ ഇളക്കി മറിക്കാൻ ഹ്യൂമേട്ടൻ എത്തുമെന്ന് ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് ഇയാൻ ഹ്യൂം ഇന്ത്യയിൽ എത്തിയിരുന്നു. അപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ് ഇയാൻ ഹ്യൂം ആകുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. മുൻ ക്ലബ് അത്ലറ്റിക്കോ കൊൽക്കത്തയും പൂനെ എഫ് സിയും അടക്കം നിരവധി ക്ലബുകൾ ഓഫറുമായി എത്തിയെങ്കിലും കേരളത്തിൽ കളിക്കാനുള്ള ആഗ്രഹം താരത്തെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ എത്തിക്കുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയത്.

33 കാരനായ ഇയാൻ ഹ്യൂമാണ് ഐ എസ് എല്ലിലെ ഇതുവരെയുള്ള ടോപ്പ് സ്കോറർ. മൂന്നു സീസണുകളിലായി 23 ഗോളാൺ ഇയാൻ ഹ്യൂം ഇതുവരെ ഐ എസ് എല്ലിൽ അടിച്ചു കൂട്ടിയത്. ആദ്യ സീസണിൽ കേരളത്തിനു വേണ്ടി നേടിയ 5 ഗോളുകളും ഇതിൽ പെടുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി അത്ലറ്റിക്കോ കൊൽക്കത്തയിൽ ഉള്ള ഹ്യൂം രണ്ടു സീസണുകളിലായി 18 ഗോൾ നേടുകയും കൊൽക്കത്തയെ കിരീടത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.

Read More : കേരളാ ബ്ലാസ്റ്റര്‍സിലെത്തിയ പുതിയതാരങ്ങള്‍ ആരൊക്കെ ?

കേരളത്തെ ആദ്യ സീസണിൽ ഫൈനലിൽ എത്തിച്ചതിൽ പ്രധാനപങ്കു വഹിച്ച താരത്തെ ആദ്യ സീസണു ശേഷം നിലനിർത്താത്തതിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കടുത്തം പ്രതിഷേധം ആരാധകർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ സീസണിൽ മുഖമാകെ മാറി മികച്ച നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന ബ്ലാസ്റ്റേഴ്സ് ആദ്യ വിദേശ സൈനിങ് ആയി ഹ്യൂമേട്ടനെ കൊണ്ടു വന്ന് പരിഹാരം ചെയ്തിരിക്കുകയാണ്.

മുതിര്‍ന്ന താരങ്ങളായ  സികെ വിനീത്, സന്ദേശ് ജിംഘന്‍ എന്നിവരെയും ഇരുപതുവയസ്സുകാരനായ മുന്നേറ്റനിരതാരം  പ്രശാന്ത് കറുത്തടത്ത്കുനി എന്നിവരെയാണ് ബ്ലാസ്റ്റര്‍സ് നിലനിര്‍ത്തിയിരുന്നു. മലയാളി താരം റിനോ ആന്റോ, മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ ശക്തിയുമായെത്തുന്ന ജാക്കിചന്ദ് സിങ് തുടങ്ങിയവരെ മുംബൈയിൽ നടന്ന ഐഎസ്എൽ‌ പ്ലെയർ ഡ്രാഫ്റ്റിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. ലാൽറ്വാതാരാ, മിലാൻ സിങ്, സുഭാശിഷ് റോയ് ചൗധരി, സിയാം ഹങ്കൽ തുടങ്ങിയവരും ബ്ലാസ്റ്റേഴ്സിനായി കളിക്കും.

Read More : കപ്പില്‍ കുറഞ്ഞൊന്നും മുന്നിലില്ല; ടീമില്‍ പ്രതീക്ഷയര്‍പ്പിച്ച് റിനോ ആന്‍റോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.