തൃശൂർ: സംസ്ഥാനത്തെ പ്രധാന റോഡുകളിലെ 158 പാലങ്ങളും മുന്നൂറോളം കലുങ്കുകളും അതീവ അപകടഭീഷണിയിലാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്. പാലങ്ങളുടെ അവസ്ഥ സംബന്ധിച്ച് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അതുകൊണ്ട് തന്നെ അടിയന്തരമായി ഇത് പൊളിച്ച് പണിയണമെന്നാണ് ശുപാർശ. പൊതുമരാമത്ത് നിരത്ത്/പാലം വിഭാഗത്തിന് കീഴിൽ 2249 പാലങ്ങളാണുള്ളത്. ദേശീയപാതകളിൽ 246 പാലങ്ങളാണുള്ളത്. സാങ്കേതിക പരിശോധന പ്രകാരം ദേശീയപാത 49ലെ (പുതിയ എൻ.എച്ച് 85) പെരുമുറ്റം പാലം അടിയന്തരമായി പുനർനിർമിക്കേണ്ടതുണ്ട്. നിരവധി സ്ഥലങ്ങളിൽ ഗതാഗത കുരുക്കിന് കാരണം വീതി കുറഞ്ഞ പാലങ്ങളാണെന്ന് നിരത്ത്/പാലം വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതൽ പാലങ്ങളും കലുങ്കുകളും പുനർനിർമിക്കാനുള്ളത് ആലപ്പുഴ, തൃശൂർ ജില്ലകളിലാണ്. 21 വീതം പാലങ്ങളാണ് ഇവിടെ അതീവ അപകടഭീഷണിയിലുള്ളത്.
തിരുവനന്തപുരം -16, കൊല്ലം -15, പത്തനംതിട്ട -ഒമ്പത്, കോട്ടയം-19, എറണാകുളം -നാല്, ഇടുക്കി -ഏഴ്, പാലക്കാട് -12, മലപ്പുറം -ആറ്, കോഴിക്കോട് -ഏഴ്, വയനാട് -ഏഴ്, കണ്ണൂർ -13, കാസർകോട് -ഒന്ന് എന്നിങ്ങനെയാണ് അപകടഭീഷണിയിലുള്ള പാലങ്ങളെ സംബന്ധിച്ച് പൊതുമരാമത്തിന്റെ കണക്ക്. പാലങ്ങൾക്കൊപ്പം കുരുക്കിന് കാരണമാവുന്ന കലുങ്കുകളുമുണ്ട്. മുന്നൂറോളം കലുങ്കുകൾ അടിയന്തരമായി വീതി കൂട്ടി പുനർനിർമിക്കണമെന്ന് റിപ്പോർട്ട് പറയുന്നു.