തിരുവനന്തപുരം: ബിജെപി ഹര്‍ത്താലിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഹര്‍ത്താലും ബന്ദുകളും ജനങ്ങളുടെ മൗലികാവകാശത്തെ നിഷേധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിജെടി ഹാളിൽ തിക്കുറിശ്ശി ജന്മശതാബ്​ദിയോടനുബന്ധിച്ച് 11-ാമത് ദൃശ്യ-മാധ്യമ-സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ഹര്‍ത്താല്‍ ആയാലും അത് അംഗീകരിക്കാനാവില്ല. ഓരോരുത്തർക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഹര്‍ത്താല്‍ ജനജീവിതങ്ങളെ മോശമായാണ് ബാധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിദേശികളാണ് കേരളത്തിലെത്തിയത്. അവര്‍ക്ക് സ്ഥലങ്ങള്‍ കാണുകയും യാത്ര ചെയ്യുകയും ഷോപ്പിങ് ചെയ്യുകയുമൊക്കെ വേണം. എന്നാല്‍ അതിനുളള സാഹചര്യം ഹര്‍ത്താല്‍ നിഷേധിക്കുകയാണ്. നമ്മുടെ കുട്ടികള്‍ക്ക് നന്നായി ജീവിക്കാനും ജോലി നേടാനുമൊക്കെയുളള സാധ്യതയും ഹര്‍ത്താല്‍ തകർക്കുന്നു,’ കണ്ണന്താനം പറഞ്ഞു.

ബിജെപിയുടെ സമര പന്തലിന് പുറത്ത് മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം ബിജെപി ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കണ്ണന്താനം  ബിജെപി നടത്തിയ ഹർത്താലിനെതിരെ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.