scorecardresearch
Latest News

ഇന്ത്യയില്‍ നിന്ന് കൂടി എന്നാണ് വലിച്ചെറിയപ്പെടുക എന്നറിയില്ല: തസ്ലീമ നസ്രീന്‍

മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള തന്റെ സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീന്‍

ഇന്ത്യയില്‍ നിന്ന് കൂടി എന്നാണ് വലിച്ചെറിയപ്പെടുക എന്നറിയില്ല: തസ്ലീമ നസ്രീന്‍

കൊച്ചി: മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള തന്റെ സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീന്‍. നാടുകടത്തപ്പെട്ടുവെങ്കിലും ലോകമെങ്ങു നിന്നും ലഭിക്കുന്ന സ്‌നേഹത്തിലും ഐക്യദാര്‍ഢ്യത്തിലും താന്‍ വീട് കണ്ടെത്തുകയാണെന്നും തസ്ലീമ കൂട്ടിച്ചേര്‍ത്തു. കൃതി പുസ്തകോത്സവത്തില്‍ ഗ്രീന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ലജ്ജയുടെ ഇരുപതാമത് മലയാളം പതിപ്പിന്റേയും ബ്രഹ്മപുത്രാനദിക്കരയില്‍-ന്റെ ഒന്നാം പതിപ്പിന്റെയും പ്രകാശനവേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ജനാധിപത്യത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം വിലക്കാന്‍ പാടില്ലാത്തതാണ്. ഞാന്‍ മനുഷ്യത്വത്തിലും മതേതരത്വത്തിലും യുക്തിയിലും വിശ്വസിക്കുന്നു. അതേസമയം ഞാനുള്‍പ്പെടെയുള്ള വിവിധ തരം ന്യൂനപക്ഷക്കാര്‍ ലോകമെങ്ങും പീഡിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഞാനെന്നും പൊരുതും’, തസ്ലിമ പറഞ്ഞു.

‘ബംഗ്ലാദേശിന് പുറത്ത് ജീവിക്കുമ്പോള്‍ ബംഗാളിയില്‍ എഴുതാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇന്ത്യയില്‍ ഞാന്‍ എന്റെ ജന്മനാട്ടില്‍ ഒരാള്‍ ആയിരിക്കേണ്ടതുപോലെ സുരക്ഷിതമായിരിക്കുന്നതായി തോന്നുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നു കൂടി ഇനി എന്നാണ് വലിച്ചെറിയപ്പെടുക എന്നറിയില്ല. ഇവിടെത്തുടരാമെന്നാണ് എന്റെ പ്രതീക്ഷ. ഒരു പുസ്തകത്തിന്റെ ഇരുപതാം പതിപ്പിറങ്ങുന്നത് അതിന്റെ കര്‍ത്താവിന് ആഹ്ലാദകരമാകേണ്ടതാണ്. എന്നാല്‍ സര്‍ക്കാരുകള്‍ മാറിയിട്ടും എന്റെ നാട്ടില്‍ അതിനുള്ള നിരോധനം നിലനില്‍ക്കുന്നതോര്‍ത്ത് എനിക്ക് ദു:ഖമാണുള്ളത്, തസ്ലിമ പറഞ്ഞു. തസ്ലിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്നത് എന്നേയ്ക്കുമായി നഷ്ടപ്പെട്ട ഒന്നിനു വേണ്ടിയുള്ള പ്രാര്‍ത്ഥന പോലെയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രൊഫ. എം. കെ. സാനു പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: I will fight against fundamentalism and misogyny says thaslima nasrin