കൊച്ചി: പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാറാണെന്ന് അന്തരിച്ച വയനാട് എം.പിയും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ എം.ഐ ഷാനവാസിന്റെ മകള്‍. എം ഐ ഷാനവാസിന്‍റെ വീട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ച് മടങ്ങിയ ശേഷമായിരുന്നു അമീന ഷാനവാസിന്റെ പ്രതികരണം. കരള്‍ രോഗ ബാധിതനയിരുന്ന ഷാനവാസിന് കരള്‍ നല്‍കിയ മകളാണ് അമീന. പക്ഷെ മകളുടെ ത്യാഗത്തിനും അന്ന് പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

തെര‍ഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ നിരസിക്കല്ലെന്നായിരുന്നു അമീന ഷാനവാസിന്‍റെ നിലപാട്. എന്നാൽ, രാഹുൽ ഗാന്ധിയുമായി രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ല.
മൂന്നുമണിയോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.ഐ ഷാനവാസിന്റെ എറണാകുളത്തെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം കുംടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. എം.ഐ ഷാനവാസിന്റെ മരുമകൻ മുഹമ്മദ്ദ് ഹനീഷും കുടുംബാംഗങ്ങളും ചേർന്നാണ് രാഹുലിനെ സ്വീകരിച്ചത്.

എം.ഐ ഷാനവാസിന്റെ ഭാര്യ ജുബൈറിയത്ത് ബീഗം, മക്കളായ അമീന ഷാനവാസ്, ഹസീബ് ഷാനവാസ്, മരുമകൾ ടെസ്‌ന, കൊച്ചുമകൾ അയിഷ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കോൺഗ്രസ്‌ നേതാക്കളായ എ കെ ആന്റണി, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പമാണ്‌ അദ്ദേഹം എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook