Latest News

‘യാത്രാ ചെലവ് തന്നാല്‍ ഡല്‍ഹിക്ക് വരാം’; ദേശീയ വനിതാ കമ്മീഷനെ പരിഹസിച്ച് പി.സി.ജോര്‍ജ്

കമ്മീഷന്റെ അധികാരം താനൊന്ന് നോക്കട്ടേയെന്നും പി.സി.ജോര്‍ജ്

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യസ്ത്രീയെക്കുറിച്ച് നടത്തിയ പരാമർശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. നേരിട്ട് ഹാജരാകണമെന്ന് പറഞ്ഞ ദേശീയ വനിതാ കമ്മീഷനേയും അദ്ദേഹം പരിഹസിച്ചു. ടിഎയും ഡിഎയും അയച്ച് തന്നാല്‍ ഡല്‍ഹിക്ക് വരുന്നത് പരിഗണിക്കാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ‘കമ്മീഷന്റെ അധികാരം ഞാനൊന്ന് നോക്കട്ടെ. ടിഎയും ഡിഎയും അയച്ചാല്‍ നോക്കാം. അല്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരട്ടെ. എനിക്ക് ഡല്‍ഹിയില്‍ പോണമെങ്കില്‍ എത്ര രൂപ ചെലവാകും. അല്ലെങ്കില്‍ അവര്‍ നടപടിക്രമങ്ങള്‍ ഇവിടെ നടത്തട്ടെ’, പി.സി.ജോര്‍ജ് വ്യക്തമാക്കി.

ആക്ഷേപകരവും അപമാനകരവുമായ ജോർജിന്റെ പ്രസ്താവനയെ അപലപിക്കുന്നതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. സെപ്റ്റംബർ 20 ന് ഡൽഹിയിലെ കമ്മിഷന്റെ ഓഫിസിൽ 11.30 ന് നേരിട്ട് ഹാജരായി പരാമർശത്തിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎയ്ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.

ജോർജിനെതിരെ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ സഹായിക്കുന്നതിനുപകരം എംഎൽഎമാർ ഇത്തരം മോശം പ്രസ്താവന നടത്തുന്നതിൽ ലജ്ജ തോന്നുന്നു. സംഭവം വനിതാ കമ്മിഷൻ ഗൗരവമായി എടുത്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജോർജിനോട് കമ്മിഷനു മുൻപാകെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് പി.സി.ജോർജ് കന്യാസ്ത്രീയെ മോശം വാക്കുകളുപയോഗിച്ച് അപമാനിച്ചത്. ജലന്ധർ ബിഷപ് തെറ്റുകാരനാണെന്ന് താൻ കരുതുന്നില്ലെന്നും പീഡനത്തിന് ഇരയായി 13-ാം തവണ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ജോർജ് പറഞ്ഞിരുന്നു.

അതിനിടെ, ജോർജിന്റെ പരാമർശത്തിനെതിരെ കേസെടുക്കാനുളള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. ജോർജിന്റെ വാർത്താസമ്മേളന ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: I will come to delhi if women commission provides ta and da pc george mocks ncw

The moderation of comments is automated and not cleared manually by malayalam.indianexpress.com