കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുന്‍പ് നടന്‍ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പലവട്ടം വിളിച്ചതിനുള്ള തെളിവ് പുറത്ത് വന്നതോടെ ഡിജിപിയെ വിമര്‍ശിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത്. ദിലീപ് കോടതിയില്‍ പോയില്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

ഡിജിപിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷിച്ചാല്‍ മാത്രമെ സത്യം പുറത്തു വരികയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍വിളികള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നതായുളള ഫോണ്‍ രേഖകളാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്. ലോക്നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്കാണ് ദിലീപ് തുടര്‍ച്ചയായി വിളിച്ചിരുന്നത്.

എന്നാല്‍ ഏകദേശം 20 ദിവസം മാത്രം കഴിഞ്ഞാണ് ദിലീപ് പരാതിപ്പെട്ടത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ഈരോപണം. ഈ കാലയളവിനുളളില്‍ പ്രതികളെ സ്വാധിനീക്കാനും ഒത്തുതീര്‍പ്പില്‍ എത്താനുമാണ് ദിലീപ് ശ്രമിച്ചതെന്നും കാട്ടിയുളള റിമാന്റ് റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

ജയിലില്‍ കിടന്ന സുനില്‍ കുമാറിന്റെയും സുഹൃത്ത് വിഷ്ണുവിന്റെയും വിളികള്‍ നാദിര്‍ഷക്കും അപ്പുണ്ണിക്കും വന്നതിന് പിന്നാലെയെല്ലാം അവര്‍ ദിലീപിനെ വിവരം അറിയിക്കുകയും തൊട്ടുപിന്നാലെ ദിലീപ് ഡിജിപിയെ വിളിക്കുന്നതായും പുറത്ത് വന്ന രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.