ചെന്നൈ: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ.വി.ശശിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരില്ല. ഐ.വി.ശശിയുടെ സംസ്കാരം ചെന്നൈയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. വ്യാഴാഴ്ചയായിരിക്കും സംസ്കാരം നടക്കുക. ഓസ്ട്രേലിയയിലുള്ള മകളും കുടുംബവും എത്തുന്നതിന് വേണ്ടിയാണ് സംസ്കാരം വ്യാഴാഴ്ച നിശ്ചയിച്ചത്.
മൃതദേഹം ചെന്നൈയിലെ വടപളനിയിലുള്ള വസതിയിൽ എത്തിച്ചു. സിനിമാ രംഗത്തെ പ്രമുഖർ ഐ.വി.ശശിയുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി.
നേരത്തെ, ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട് നടത്തണമെന്ന് സംവിധായകൻ രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾ സമ്മതിച്ചാൽ കോഴിക്കോട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത് പറഞ്ഞിരുന്നു.