തിരുവനന്തപുരം: ഗംഗേശാനന്ദയെ അനുകൂലിച്ച് രംഗത്തുവന്ന പരാതിക്കാരിയായ പെണ്‍കുട്ടിയും അഭിഭാഷകനും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്ത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയാണെന്നും എന്നാല്‍ മനപൂര്‍വം അല്ല മുറിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇരുട്ടത്ത് കത്തി വീശിയപ്പോള്‍ അബദ്ധത്തിലാണ് ജനനേന്ദ്രിയം മുറിഞ്ഞത്. വയറ്റത്താണ് പരുക്കേറ്റതെന്നാണ് കരുതിയത്. അയ്യപ്പദാസ് പറഞ്ഞത് പ്രകാരമാണ് താന്‍ കത്തിയുമായി മുറിയില്‍ ചെന്നതെന്നും ശബ്ദരേഖയില്‍ പെണ്‍കുട്ടി പറയുന്നു.

“സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. അമ്മയുമായും സ്വാമിക്ക് വഴിവിട്ട ബന്ധമില്ല”, പെണ്‍കുട്ടി പറയുന്നു. എന്നാല്‍ സ്വാമിയുമായി ബന്ധമില്ലെന്ന് പറയുന്ന പെണ്‍കുട്ടി എന്തിനാണ് സ്വാമിയെ ആക്രമിച്ചതെന്ന് വ്യക്തമാക്കുന്നില്ല.

കഴിഞ്ഞ ദിവസം പ്രതിഭാഗം അഭിഭാഷകര്‍ പരാതിക്കാരിയുടെ കത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് പറയുന്നുണ്ട്. സംഭവത്തിന് പിന്നില്‍ പൊലീസെന്നും കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത് തനിക്കും കുടുംബത്തിനും അറിയാവുന്ന അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേർന്നാണെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തിൽ യുവതി ആരോപിക്കുന്നു.

കുട്ടിക്കാലം മുതൽ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലിൽ സ്വീകരിച്ചു.

വര്‍ഷങ്ങളായി തന്നെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ഥപാദഎന്നാണ് പെൺകുട്ടിയുടെ ആദ്യത്തെ മൊഴി.പ്രതി പെൺകുട്ടിയെ 17 വയസ്സുമുതല്‍ പീഡിപ്പിച്ചുവരുകയായിരുന്നത്രെ. തന്നിലൂടെ ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പീഡനം എന്നായിരുന്നു മൊഴി. പലതവണ എതിർത്തിട്ടും സമൂഹത്തിനു മുന്നില്‍ വീട്ടുകാരെയും തന്നെയും മോശക്കാരിയാക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.

മെയ് 19ന് രാത്രി വീട്ടിലെത്തിയ ഗംഗേശാനന്ദ മാതാപിതാക്കള്‍ ഉറങ്ങിയ തക്കം നോക്കി പീഡിപ്പിക്കാനെത്തി. ഇയാളുടെ ലിംഗം മുറിച്ചുമാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നെന്നും ഇതിനായി കത്തി കരുതിവെച്ചിരുന്നെന്നും യുവതി മൊഴി നൽകിയിരുന്നു.

എന്നാൽ താൻ ഉറങ്ങിക്കിടക്കുമ്പോഴാണ് പെൺകുട്ടി തന്റെ ജനനേന്ദ്രിയം മുറിച്ചത് എന്ന് ഗംഗേശാനന്ദ പറഞ്ഞിരുന്നു. യുവതിയുടെ കാമുകൻ അയ്യപ്പദാസ് എന്ന ചെറുപ്പക്കാരന്രെ സഹായത്തോടെയാണ് തനിക്ക് എതിരെ ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പൊലീസ് അന്വേഷണം നടത്തുന്നത് എന്നും വിവാദ സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.