തിരുവനന്തപുരം: വേർപാടിന്റെ വേദന ഉണങ്ങാത്ത മുറിവാകുമ്പോഴും കേരളത്തെ സ്നേഹിക്കുന്നുവെന്ന് ലാത്‌വിയൻ യുവതി. തന്റെ സഹോദരി കൊല്ലപ്പെട്ട നാടാണ് കേരളമെങ്കിലും തങ്ങൾക്കൊപ്പം നിന്ന കേരളത്തോട് അവർ തന്റെ സ്നേഹം ആവർത്തിച്ചു.

കേരളത്തിൽ​ വിഷാദ രോഗത്തിന് ചികിത്സയ്ക്കെത്തിയ ലാത്‌വിയൻ യുവതി ദുരൂഹ സാഹചര്യത്തിൽ കോവളത്തിന് സമീപത്തെ വാഴമുട്ടത്തുളള കണ്ടൽക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മാർച്ച് പതിനാല് മുതൽ​ കാണാതായ അവരെ കണ്ടെത്താനുളള ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. ഈ കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ ഓർമയ്ക്കായി സർക്കാർ സംഘടിപ്പിച്ച സ്നേഹസംഗമം എന്ന പരിപാടിയിൽ ആ ഓർമകൾക്കായി നിശാഗന്ധിയിൽ സഹോദരിയും ടൂറിസം മന്ത്രിയും ചേർന്ന് ഇലഞ്ഞി തൈ നട്ടു.

ഇനിയും കേരളത്തിലേക്ക് വരുമെന്ന് കൊല്ലപ്പെട്ട ലാത്‌വിയന്‍ യുവതിയുടെ സഹോദരി പറഞ്ഞു. കേരള സര്‍ക്കാരും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും, ഒപ്പം നില്‍ക്കുകയും ചെയ്തത് മറക്കാനാകില്ലെന്ന് അവർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് മടങ്ങുംമുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫീസിലെത്തി കണ്ട് സഹോദരി നന്ദി അറിയിച്ചു.

മടക്കയാത്രയ്ക്കുള്ള ടിക്കറ്റും, കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തില്‍ തങ്ങിയ ശേഷമായിരിക്കും മടക്കയാത്രയെന്ന് അവർ പറഞ്ഞു. സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്റെ വകയായി നല്‍കാനുള്ള സന്നദ്ധത അവർ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു.

ആ യുവാക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് സഹായകരമാകുന്ന രീതിയില്‍ ഈ പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു. സഹോദരിയെ നഷ്ടമായെങ്കിലും, ആ ദുരന്തം ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ തന്നെ സഹായിച്ച കേരളത്തോട് തനിക്ക് സ്നേഹമാണെന്നും അവർ പറഞ്ഞു.

Read More:  കൊല്ലപ്പെട്ട ലാത്‌വിയൻ യുവതിയുടെ സഹോദരിയുടെ  കേരളത്തിലെ അനുഭവങ്ങളും ഓർമ്മകളും ഇവിടെ വായിക്കാം മൂന്ന് ഭാഗങ്ങളായി: ഭാഗം ഒന്ന് : ഒരു തിരോധാനത്തിന്റെ ഡയറിക്കുറിപ്പുകൾ

ഭാഗം രണ്ട്: അവളെത്തേടി, കേരളം മുഴുവന്‍

ഭാഗം മൂന്ന്:പ്രിയപ്പെട്ടവളേ വിട

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ