ആലുവ: തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്. തനിക്കെതിരെ കേസ് നൽകിയ വ്യക്തികളിൽ നിന്നാണ് ഭീഷണിയുള്ളതെന്ന് ദീലീപ് ആലുവ ഈസ്റ്റ് എസ്ഐക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. അതേസമയം, സുരക്ഷയ്ക്കായി താൻ യാതൊരു വിധ ഏജൻസിയെയും നിയോഗിച്ചിട്ടില്ലെന്നും ദിലീപ് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

സ്വകാര്യ സുരക്ഷാ ഏജന്‍സിയെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഈ വിവരം ഉള്ളത്. അഭിഭാഷകൻ മുഖേന തയാറാക്കിയ വിശദീകരണം പ്രത്യേക ദൂതൻ വഴിയാണ് ദിലീപ് പൊലീസിന് നൽകിയത്. താന്‍ ഏജന്‍ജിയ്ക്ക് സുരക്ഷാ ചുമതല നല്‍കിയിട്ടില്ലെന്നും അവരുമായി കൂടിയാലോചന നടത്തുക മാത്രമാണ് ചെയ്തതെന്നും വിശദീകരണത്തിലുണ്ട്.

സ്വയം സുരക്ഷയ്ക്കായി ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്സിന്റെ സഹായമാണ് ദിലീപ് തേടിയത്. ദിലീപിനൊപ്പം 24 മണിക്കൂറും സുരക്ഷയ്ക്കായി മൂന്നു പേരുണ്ടാവുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുക, ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക എന്നിവയൊക്കെയാണ് സുരക്ഷാഭടന്‍മാരുടെ ജോലി. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ