കൊച്ചി: മെട്രോയുടെ ആദ്യ യാത്രയില്‍ താന്‍ പങ്കെടുത്തത് സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും അറിയിപ്പ് ലഭിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ തന്റെ പേര് ഉണ്ടായിരുന്നത് കൊണ്ടാണ് എസ്പിജിയും പൊലീസും തന്നെ തടയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരള പൊലീസിനെ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതിയും തനിക്ക് ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

“സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്കുമാണ്. സംസ്ഥാനം അനുവദിച്ച വാഹനത്തിലാണ് യാത്ര ചെയ്തത്. ഉദ്ഘാടനത്തിന്റെ പ്രഭ കളയാനാണ് ചിലരുടെ ശ്രമം. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ കാര്യം അറിയാതെ പച്ചക്കളം പ്രചരിപ്പിക്കുകയാണെന്നും” കുമ്മനം വ്യക്തമാക്കി. എന്നാല്‍ ട്രെയിന്‍ യാത്ര ഒഴികെയുളള ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് കൈമാറിയിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കേണ്ടവരുടെ പട്ടിക മാത്രം നല്‍കിയില്ല.

മെട്രോയുടെ ആദ്യ യാത്രയില്‍ ക്ഷണം ഇല്ലാതിരുന്നിട്ടും കുമ്മനം രാജശേഖരന്‍ യാത്ര ചെയ്ത സംഭവത്തിലെ സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

“എസ്പിജി അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ.ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചതെന്നും കടകംപളളി പറഞ്ഞു. സംഭവത്തില്‍ നവമാധ്യമങ്ങളിലും കുമ്മനത്തിനെതിരെ പ്രതിഷേധവും പരിഹാസവും ഉയര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ