കോഴിക്കോട്: ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും ഇന്ന് കോഴിക്കോട് എത്തി മാധ്യമങ്ങളെ കണ്ടു. ഇന്നലെയാണ് സേലത്തെ കോളേജില്‍ നിന്നും ഹാദിയ ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഇ അബൂബക്കറിനെ ഇരുവരും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.
വിവാഹം കഴിക്കാന്‍ മതം മാറേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മതം മാറാന്‍ എല്ലാവര്‍ക്കും അവകാശമില്ലെ എന്ന് ഹാദിയ ചോദിച്ചു. പുറമെ നിന്ന് കുറ്റപ്പെടുത്താനാണ് കൂടുതല്‍ പേരും തയ്യാറായത്. നിയമസഹായം അടക്കമുളളത് നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടാണ്. അത്കൊണ്ടാണ് നന്ദി അറിയിക്കാനെത്തിയത്’, ഹാദിയ വ്യക്തമാക്കി.
അതേസമയം മതംമാറിയ ശേഷമാണ് ഹാദിയ വിവാഹിതയാകുന്നത്. വിവാഹ വെബ്സൈറ്റിൽ പരസ്യം നൽകിയാണ് ഷെഫിൻ ജഹാനെ വിവാഹം കഴിക്കുന്നത്. വൈക്കത്ത് നിന്നും സേലത്ത് പഠിക്കാനെത്തിയ വൈക്കം സ്വദേശി അഖിലയാണ് ഇസ്‌ലാം മത വിശ്വാസത്തിൽ ആകൃഷ്ടയാകുന്നത്. തുടർന്ന് മതം മാറുകയും അതിന് ശേഷം വിവാഹം കഴിക്കുകയുമാണ് ചെയ്യുന്നത്. വിവാഹത്തിന് ശേഷമല്ല ഹാദിയ മതം മാറിയത്.
ഒപ്പം നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി അറിയിക്കുന്നതായി ഇരുവരും വ്യക്തമാക്കി. സ്വാതന്ത്ര്യം കിട്ടിയെന്നും ആരോപണങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും ഉന്നയിക്കാമെന്നും ഹാദിയ പറഞ്ഞു. തുടര്‍ന്ന് ഇരുവരും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കാനായി പോയി.
ഷെഫിൻ ജഹാനുമായുള്ള വിവാഹ ബന്ധം സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെ ഇന്നലെയാണ് ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചത്. സേലത്ത് ഹാദിയ പഠിക്കുന്ന കോളേജിൽ ഇന്നലെ എത്തിയ ഷെഫിൻ ജഹാൻ പ്രിൻസിപ്പളിനെ കണ്ട് നാട്ടിലേക്ക് പോവാൻ അനുമതി വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും നാട്ടിലേക്ക് യാത്ര തിരിച്ചത്.
ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയ ഷെഫിൻ ജഹാനെ വിവാഹം ചെയ്തത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് അസാധുവാക്കിയത്. വിവാഹം നിയമപരമെന്ന് പറഞ്ഞ കോടതി, ഹേബിയസ് കോർപ്പസ് ഹർജിയിന്മേൽ വിവാഹം റദ്ദാക്കാനാവില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതി തങ്ങളുടെ അധികാരപരിധി ലംഘിച്ചാണ് തീരുമാനം എടുത്തതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
2017 മേയ് 24നായിരുന്നു ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. അതേസമയം, ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന പിതാവ് അശോകന്റെ ആരോപണത്തെ കുറിച്ചുള്ള എൻ.ഐ.എ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.