കോഴിക്കോട്: ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി നടയടക്കല്‍ വിവാദത്തില്‍ തന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യുവമോര്‍ച്ചയുടെ സമ്മേളനത്തിലായിരുന്നു ശ്രീധരന്‍പിള്ള, തന്നെ ശബരിമല തന്ത്രി വിളിച്ചിരുന്നുവെന്നും നട അടച്ചുകൊള്ളാന്‍ താന്‍ നിര്‍ദ്ദേശിച്ചെന്നും പറഞ്ഞത്. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്റെ ഉറപ്പിന്മേലാണ് സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടിലാണ് ശ്രീധരന്‍പിള്ള ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്.

നമ്മള്‍ മുന്നോട്ട് വച്ച അജന്‍ണ്ടയില്‍ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള യുവമോര്‍ച്ച സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പിള്ളയുടെ പ്രസംഗം പുറത്തായതോടെ വന്‍ വിവാദമായിരുന്നു. ശബരിമലയെ മുന്‍നിര്‍ത്തി ബിജെപി സംസ്ഥാനത്ത് കലാപത്തിന് പദ്ധതിയിടുകയാണെന്ന് ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ